തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 27 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇതുവരെ 526 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചത്. പത്തനംതിട്ടയിൽ രണ്ട് ക്യാമ്പുകളിലായി 160 പേരും വയനാട്ടിൽ അഞ്ച് ക്യാമ്പുകളിലായി 111 പേരുമാണുള്ളത്.
രണ്ട് ദിവസത്തിനിടയിൽ സംസ്ഥാനത്തെ 138 വീടുകൾ ഭാഗികമായും 3 വീടുകൾ പൂർണമായും തകർന്നു. നിരവധി ഇടങ്ങളിൽ മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. മലയോരത്തെ ചിലയിടങ്ങളില്‍ യാത്രാ നിരോധനം പ്രഖ്യാപിച്ചു. നദി തീരങ്ങളിലും തീരപ്രദേശങ്ങളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
കടൽക്ഷോഭം രൂക്ഷമായിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കൊച്ചി എടവനക്കാട് പഞ്ചായത്തിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ചു. തീരദേശ സംരക്ഷണ സമിതിയാണ് ഹർത്താൽ പ്രഖ്യാപിച്ചത്. എടവനക്കാട് മേഖലയിൽ കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് ജനകീയ സമര സമിതി റോഡും ഉപരോധിച്ചിരുന്നു.
കനത്ത മഴയില്‍ കാസർകോട് തെക്കിലിലും ബേവിഞ്ചയിലും കുന്നിടിഞ്ഞു. ആറുവരിപ്പാതയുടെ നിര്‍മാണം പുരോഗമിക്കുന്ന ഭാഗത്താണ് വ്യാഴാഴ്ച രാവിലെ മണ്ണിടിഞ്ഞത്. കൂടാതെ, ജില്ലയിലെ മൂന്നാംകടവ് കൂവാരയിൽ ഉരുൾപൊട്ടലും ഉണ്ടായി. വ്യാപക കൃഷി നാശം സംഭവിച്ചെങ്കിലും ജനങ്ങൾ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.