അബുദാബി : കൊടും ചൂടിൽ യുഎഇ വെന്തുരുകുന്നു. ഇന്നലെ ഉച്ചയ്ക്ക് 2ന് അൽഐനിലെ ഉംഅസിമുൽ രേഖപ്പെടുത്തിയ താപനില 50.3 ഡിഗ്രി സെൽഷ്യസ്. തിങ്കളാഴ്ച അബുദാബി ഷവാമഖിൽ 50.6 രേഖപ്പെടുത്തിയത് 50.6 ഡിഗ്രി സെൽഷ്യസ്. ഈ മാസം 21ന് അൽദഫ്ര മേഖലയിലെ മെസൈറയിൽ 49.9 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു.
ജൂലൈ–ഓഗസ്റ്റ് മാസങ്ങളിൽ 45–50 ഡിഗ്രിക്കിടയിൽ താപനില ഉയരുന്നത് യുഎഇയിൽ സാധാരണമാണ്. അന്തരീക്ഷ ഈർപ്പവും 90% ഉയരുന്നു. ഇടയ്ക്കിടെ മണൽകാറ്റ് അനുഭവപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ആരോഗ്യസുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകി.
രാവിലെ 11നും വൈകിട്ട് 4നും ഇടയ്ക്ക് സൂര്യപ്രകാശം നേരിട്ട് ഏൽക്കുംവിധം പുറത്തിറങ്ങുന്നത് സൂര്യാഘാതം, നിർജലീകരണം തുടങ്ങി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഓർമിപ്പിച്ചു. അടിയന്തര ഘട്ടങ്ങളിൽ പുറത്തിറങ്ങുകയാണെങ്കിൽ കുട കരുതണം. ധാരാളം വെള്ളം കുടിക്കുകയും വേണം. ചൂടു കാലത്ത് ഇളം നിറത്തിലുള്ള അയഞ്ഞ പരുത്തി വസ്ത്രമാണ് ഉത്തമം. ചൂടിൽനിന്ന് രക്ഷ നേടാൻ ഗൾഫ് രാജ്യങ്ങളിലെല്ലാം പുറംജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചവിശ്രമം നൽകിവരുന്നുണ്ട്.