ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ലോക്സഭയിൽ സംസാരിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൈക്ക് സ്പീക്കർ ഓഫാക്കിയെന്ന് കോൺഗ്രസ്. മൈക്രോഫോൺ ഓണാക്കാൻ സ്പീക്കറോട് രാഹുൽ ആവശ്യപ്പെടുന്നതിന്‍റെ ദൃശ്യങ്ങൾ കോൺഗ്രസ് എക്സിൽ പങ്കുവച്ചു. നീറ്റ് വിവാദത്തിൽ ചർച്ച വേണമെന്നും സർക്കാർ ഇതുമായി ബന്ധപ്പെട്ട് പ്രസ്താവനയിറക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
“നീറ്റ് വിഷയത്തിൽ മോദി മൗനം തുടരുമ്പോൾ. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി യുവാക്കൾക്കായി ശബ്ദമുയർത്തുന്നു. ഇത്രയും ഗൗരവമായ വിഷയത്തിൽ, യുവാക്കളുടെ ശബ്ദം അടിച്ചമർത്താൻ മൈക്ക് ഓഫ് ചെയ്യുന്നതു പോലുള്ള തരംതാണ പ്രവൃത്തികൾ ചെയ്യുന്നു” -എക്സിൽ വിഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് കോൺഗ്രസ് കുറിച്ചു. വിവാദ വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് കോൺഗ്രസ് എം.പി കെ.സി. വേണുഗോപാലാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. എന്നാൽ രാഷ്ട്രപതിക്കുള്ള നന്ദി പ്രമേയത്തിൽ ചർച്ച നടത്താമെന്ന് സ്പീക്കർ അറിയിക്കുകയായിരുന്നു.
അതേസമയം എം.പിമാരുടെ മൈക്രോഫോൺ താൻ ഓഫ് ചെയ്തിട്ടില്ലെന്നും അതിന്‍റെ നിയന്ത്രണം തനിക്കില്ലെന്നും സ്പീക്കർ ഓം ബിർള പ്രതികരിച്ചു. രാഷ്ട്രപതിക്കുള്ള നന്ദി പ്രമേയത്തിൽ ചർച്ച നടക്കുമ്പോൾ മറ്റു വിഷയങ്ങൾ ചർച്ചക്ക് ക്ഷണിക്കുന്ന കീഴ്വഴക്കമില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സഭ ജൂലൈ ഒന്നുവരെ പിരിഞ്ഞു.