തിരുവനന്തപുരം: സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി അംഗമായിരുന്ന മനു തോമസ് നടത്തിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിവാദത്തിൽ രൂക്ഷ വിമർശനവുമായി സി.പി.ഐ. കണ്ണൂരിൽ നിന്ന് കേൾക്കുന്ന വാർത്തകൾ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ബന്ധുക്കളെ ആകെ വേദനിപ്പിക്കുന്നതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമർശിച്ചു. കയ്യൂരിന്റെയും കരിവെള്ളൂരിന്റെയും തില്ലങ്കേരിയുടെയും പാരമ്പര്യമുള്ള മണ്ണാണത്.
അവിടെ നിന്ന് സ്വർണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകൾ പുറത്തുവരുന്നത് ചെങ്കൊടിക്ക് അപമാനമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ഇടതുപക്ഷത്തിന്റെ രക്ഷകവേഷം കെട്ടുന്നവർ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന അറിവ് ഇടതുപക്ഷത്തിന്റെ ബന്ധുക്കൾക്ക് പൊറുക്കാവുന്നതല്ല.
പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളിൽ ഇത്തരക്കാരുടെ പങ്കും ചെറുതല്ല. ഇടതുപക്ഷം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ മറന്നുവോയെന്ന് ചിന്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത് ഈ കൂട്ടരാണ്. അവരിൽ നിന്ന് ബോധപൂർവം അകൽച്ച പാലിച്ചു കൊണ്ടേ ഇടതുപക്ഷത്തിന് ജനവിശ്വാസം വീണ്ടെടുത്ത് മുന്നേറാൻ ആകൂ. പ്രസ്ഥാനത്തിൽ വിശ്വാസം അർപ്പിച്ച ലക്ഷോപലക്ഷം ജനങ്ങളോട് നീതി കാണിക്കാൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കടമയുണ്ട്.
അവരുടെ കൂറും വിശ്വാസവുമാണ് കമ്യൂണിസ്റ്റുകാർക്ക് വലുത്. ചീത്തപ്പണത്തിന്റെ ആജ്ഞാനുവർത്തികളായി മാറി അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്നവരാണ്. അവർക്ക് മാപ്പില്ലായെന്ന് പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളുടെ വിചാര വികാരങ്ങളെയും വിശ്വാസങ്ങളെയും സി.പി.ഐ എന്നും മാനിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.