വിരാട് കോലി രാജ്യാന്തര ട്വൻ്റി ട്വൻ്റി ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ലോകകപ്പ് നേടിയതിന് തൊട്ടുപിന്നാലെയാണ് കിങ് കോലിയുടെ പ്രഖ്യാപനം. ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചാണ് കോലിയുടെ പടിയിറക്കം. 76 റൺസെടുത്ത് ടോപ് സ്കോറായ കോലിയായിരുന്നു ഫൈനലിലെ താരം. 2010 മുതൽ 2024 വരെ നീണ്ട ട്വൻ്റി ട്വൻ്റി കരിയറിൽ ആകെ 125 മൽസരങ്ങൾ കളിച്ച കോലി 117 ഇന്നിങ്സുകളിലായി 4188 റൺസെടുത്തു. 48.69 ശരാശരിയിൽ 137.04 സ്ട്രൈക്ക് റേറ്റുമായാണ് കോലി കരിയർ പൂർത്തിയാക്കിയത്. ഒരു സെഞ്ചറിയും 38 അർധസെഞ്ചറികളും ഇതിഹാസതാരത്തിന്‍റെ പേരിലുണ്ട്.
ഐപിഎല്ലിൽ മാസ്മരിക പ്രകടനം കാഴ്ചവച്ചാണ് വിരാട് കോലി ലോകകപ്പ് ടീമിലെത്തിയത്. എന്നാൽ തുടക്കം മുതൽ ഫോം കണ്ടെത്താൻ പാടുപെട്ട വിരാട് കോലി സെമിഫൈനൽ അടക്കം ഏഴുമൽസരങ്ങളിൽ നിന്ന് കോലി ആകെ നേടിയത് 75 റൺസ്. പക്ഷേ ഫൈനലിൽ ചാംപ്യൻ കോലി മടങ്ങിയെത്തി. 59 പന്തിൽ 76 റൺസ്. പ്ലേയർ ഓഫ് ദ് മാച്ച് പുരസ്കാരം. കയ്യിൽ ലോകകിരീടം.
മൽസരത്തിനുശേഷം ക്യാമറയ്ക്കുമുന്നിൽ വന്ന കോലിയുടെ ആദ്യവാചകം തന്നെ ഇതായിരുന്നു, ‘ഇത് എന്‍റെ അവസാന ട്വന്‍റി 20 ലോകകപ്പ് മൽസരമാണ്, അവസാന രാജ്യാന്തര ട്വന്‍റി 20 മൽസരമാണ്’. ഫൈനലിൽ മാറ്റമുണ്ടാക്കിയ ഘടകം എന്തായിരുന്നുവെന്ന ചോദ്യത്തിന് വിരമിക്കാനുള്ള തീരുമാനം തന്നെയാണ് പ്രചോദനമായതെന്ന് കോലി സൂചിപ്പിച്ചു.