ന്യൂഡൽഹി: അട്ടപ്പാടിയിലെ പ്രത്യേക കുടയെപ്പറ്റി മന്‍ കി ബാത്തില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അട്ടപ്പാടിയിലെ ഗോത്രവിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ നിര്‍മ്മിക്കുന്ന കാര്‍ത്തുമ്പി കുടയെക്കുറിച്ചായിരുന്നു മന്‍ കി ബാത്തില്‍ പരാമര്‍ശിച്ചത്. ‘ഇന്ന് മന്‍ കി ബാത്തില്‍ പ്രത്യേകതരം കുടയെപ്പറ്റിയാണ് പറയാന്‍ പോകുന്നത്. ഈ കുടകള്‍ നമ്മുടെ കേരളത്തിലാണ് ഉണ്ടാക്കുന്നത്. കുടകള്‍ക്ക് കേരളത്തിന്റെ സംസ്‌കാരത്തില്‍ സവിശേഷമായ പ്രധാന്യമുണ്ട്. കേരളത്തിന്റെ പാരമ്പര്യത്തിലും ആചാരങ്ങളിലും കുടകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പക്ഷെ ഞാന്‍ അട്ടപ്പാടിയില്‍ ഉണ്ടാക്കുന്ന പ്രത്യേകതരം കാര്‍ത്തുമ്പി കുടകളെക്കുറിച്ചാണ് പറയുന്നത്. ഈ കുടകള്‍ ഉണ്ടാക്കുന്നത് കേരളത്തിലെ ഗോത്രവര്‍ഗ്ഗ സഹോദരിമാരാണ്. ഇന്ന് രാജ്യത്തെമ്പാടും ഈ കുടകള്‍ക്ക് ആവശ്യക്കാര്‍ കൂടിവരികയാണ്. അവ ഓണ്‍ലൈനായും വില്‍ക്കുന്നുണ്ട്. വട്ടലക്കി കോ-ഓപ്പറേറ്റീവ് അഗ്രിക്കള്‍ച്ചര്‍ സൊസൈറ്റിക്കാണ് കുടുകളുടെ നിര്‍മ്മാണ മേല്‍നോട്ടം. ഈ സൊസൈറ്റി നയിക്കുന്നത് സ്ത്രീകളാണ്’ മോദി പറഞ്ഞു.
ആന്ധ്രാപ്രദേശിലെ അരകുകാപ്പിയെക്കുറിച്ചും മോദി മന്‍ കി ബാത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുളള ധാരാളം ഉത്പന്നങ്ങള്‍ക്ക് രാജ്യാന്തര തലത്തില്‍ വലിയ ഡിമാന്‍ഡുണ്ട്. രാജ്യത്തെ ഏതെങ്കിലും പ്രാദേശിക ഉത്പന്നങ്ങള്‍ രാജ്യാന്തര തലത്തിലേയ്ക്ക് ഉയരുമ്പോള്‍ അഭിമാനം തോന്നുക സ്വഭാവികമാണ്. അത്തരത്തിലൊരു ഉത്പന്നമാണ് ആന്ധ്രാപ്രദേശിലെ അരകു കാപ്പിയെന്നായിരുന്നു മോദിയുടെ പരാമര്‍ശം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മന്‍ കി ബാത്ത്’ പ്രതിമാസ റേഡിയോ പരിപാടി പുനരാരംഭിച്ചതിന് ശേഷം നടന്ന ആദ്യ പരിപാടിയിലായിരുന്നു മോദിയുടെ പരാമർശം. മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ പരിപാടി കൂടിയായിരുന്നു ഇത്. ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫെബ്രുവരിയിലായിരുന്നു മൻ കി ബാത്തിൻ്റെ അവസാന സംപ്രേക്ഷണം. മോദിയുടെ ഔദ്യോഗിക ‘എക്‌സ്’ പോസ്റ്റിലൂടെയാണ് ‘മന്‍ കീ ബാത്ത്’ പുനരാരംഭിക്കുന്ന വിവരം പങ്കുവെച്ചത്.
ജനങ്ങളുടെ ആശയം ‘നമോ ആപ്പി’ലൂടെയോ 1800 11 7800 എന്ന നമ്പറിലൂടെയോ രേഖപ്പെടുത്താന്‍ മോദി സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരുന്നു. ഞായറാഴ്ച രാവിലെ എട്ടു മണിക്ക് ആകാശവാണി പ്രാദേശിക പതിപ്പുകളിലൂടെ പരിപാടി സംപ്രേക്ഷണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഫെബ്രുവരി 25നാണ് ‘മന്‍ കി ബാത്തി’ന്റെ 110-ാമത് പതിപ്പോടെ താല്‍കാലികമായി നിര്‍ത്തിവെച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തോടെയായിരുന്നു ഇത്. മൂന്ന് മാസത്തിന് ശേഷം കൂടുതല്‍ ഊര്‍ജത്തോടെ ‘മന്‍ കി ബാത്ത്’ തുടരുമെന്നായിരുന്നു അന്ന് മോദി അറിയിച്ചത്.