ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം നിരാശപ്പെടുത്തിയെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി. വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ പ്രകടനം കേന്ദ്ര കമ്മിറ്റി വിലയിരുത്തി. പോരായ്മകളും കുറവുകളും യോഗത്തില്‍ ചര്‍ച്ച ചെയ്തുവെന്നാണു വിവരം.
ഇന്നലെയാണ് സി.പി.എം കേന്ദ്ര കമ്മിറ്റി ഡല്‍ഹിയില്‍ ചേര്‍ന്നത്. ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിച്ച 52 സീറ്റില്‍ വിജയിക്കാനായത് നാലെണ്ണത്തില്‍ മാത്രമാണ്. തമിഴ്‌നാട്ടില്‍ രണ്ട്, കേരളത്തിലും രാജസ്ഥാനിലും ഒന്നു വീതം സീറ്റുകളിലാണു പാര്‍ട്ടിക്കു ജയിക്കാനായത്. പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന കമ്മിറ്റികള്‍ മുന്നോട്ടുപോകുമെന്നാണ് യോഗത്തില്‍ തീരുമാനമായത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യാ സഖ്യത്തിന് നേട്ടമുണ്ടാക്കാനായെന്നും വിലയിരുത്തലുണ്ടായി. തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് തിരിച്ചടിയായി. ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പിച്ചത് രാജ്യത്തെ ജനങ്ങളാണ്. ഫലം പുറത്തുവന്ന ശേഷം ബി.ജെ.പി വലിയ രീതിയില്‍ വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമം നടത്തുന്നു. മുസ്‍ലിംകള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നു. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ നേരിടുന്നു. ഇതിനെ മതേതര പാര്‍ട്ടികളെ ഒപ്പം ചേര്‍ത്തുപിടിച്ചു നേരിടാനും സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനമായിട്ടുണ്ട്.