Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമേധാ പട്കർക്ക് തടവ് ശിക്ഷ; നടപടി 23 വര്‍ഷം മുമ്പുള്ള പരാമർശത്തില്‍

മേധാ പട്കർക്ക് തടവ് ശിക്ഷ; നടപടി 23 വര്‍ഷം മുമ്പുള്ള പരാമർശത്തില്‍

ഡൽഹി: സാമൂഹ്യപ്രവർത്തക മേധാ പട്കർക്ക് തടവ് ശിക്ഷ വിധിച്ച് ഡൽഹി മെട്രോ പൊളിറ്റൻ കോടതി. ഡൽഹി ലഫ്. ഗവർണർ വി കെ സക്സേന ഫയൽ ചെയ്ത അപകീർത്തി കേസിലാണ് കോടതിയുടെ വിധി. 23 വർഷം മുമ്പ് നടന്ന ഹവാല ഇടപാടുമായി ബന്ധപ്പെട്ട പരാമർശത്തിലാണ് കോടതിയുടെ സുപ്രധാന വിധി. ഹവാല സാമ്പത്തിക ഇടപാടിൽ അന്ന് ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയുടെ ഭാരവാഹിയായ സക്സേന സാമ്പത്തിക നേട്ടമുണ്ടാക്കി എന്നായിരുന്നു മേധാപട്കറിന്റെ ആരോപണം. എന്നാൽ ഇക്കാര്യം സാധൂകരിക്കുന്ന തരത്തിലുള്ള തെളിവുകൾ ഹാജരാക്കാൻ മേധാപട്ർകർക്ക് കഴിഞ്ഞില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

2001ലാണ് മേധാപട്കർക്കെതിരെ സക്സേന അന്യായം ഫയൽ ചെയ്തത്. ടിവി ചാനലിലൂടെയും വാർത്താക്കുറിപ്പിലൂടെയും അപകീർത്തിപെടുത്തിയെന്നാണ് സക്സേന നൽകിയ കേസ്. മേധാ പട്കർ കുറ്റക്കാരിയെന്ന് നേരത്തേ കോടതി കണ്ടെത്തിയിരുന്നു. നർമ്മദാ ബച്ചാവോ ആന്ദോളനുമായി ബന്ധപ്പെട്ട് 2000 മുതൽ തന്നെ മേധാ പട്കറും സക്സേനയും തമ്മിൽ നിയമപോരാട്ടങ്ങൾ നിലനിൽക്കുന്നുണ്ട്. കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ അഹമ്മദാബാദ് ആസ്ഥാനമായ ഒരു എൻജിഒയുടെ തലവനായിരുന്നു സക്സേന.

നർമ്മദാ ബച്ചാവോ ആന്ദോളനും തനിക്കുമെതിരെ പരസ്യങ്ങൾ നൽകുന്നതിൽ സക്സേനയ്ക്കെതിരെ മേധാ പട്കർ നിയമനടപടി സ്വീകരിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ മേധാ പട്കർ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് സക്സേന അവർക്കെതിരെ രണ്ട് അന്യായം ഫയൽ ചെയ്യുകയായിരുന്നു.

സക്സേനയുടെ ആരോപണത്തെ ഖണ്ഡിക്കാനുള്ള തെളിവുകളൊന്നും മേധാ പട്കർ ഹാജരാക്കിയില്ലെന്നാണ് വിചാരണ സമയത്ത് കോടതി നിരീക്ഷിച്ചത്. മേധാ പട്കർ മനപ്പൂർവ്വമായി സക്സേനയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് കോടതി നിരീക്ഷണം. സക്സേന ഭീരുവാണെന്നും ദേശസ്നേഹിയല്ലെന്നും ഹവാല ഇടപാടിൽ സക്സേനയ്ക്ക് ബന്ധമുണ്ടെന്നുമുള്ള മേധാ പട്കറുടെ പ്രസ്താവനകൾ അപകീർത്തികരം മാത്രമല്ല തെറ്റിദ്ധാരണ പരത്തുന്നതാണെന്നും സാകേത് കോടതി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് രാഘവ് ശ‍ർമ്മ വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com