ന്യൂഡൽഹി∙ പാർലമെന്റിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെപ്പോലെ പെരുമാറരുതെന്ന് എൻഡിഎ എംപിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം. ചൊവ്വാഴ്ച രാവിലെ ചേർന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. പ്രതിപക്ഷ നേതാവായതിനുശേഷം രാഹുൽ ഗാന്ധി പാർലമെന്റിൽ നടത്തിയ ആദ്യ പ്രസംഗത്തിൽ ബിജെപിക്കെതിരെ കടുത്ത വിമർശനമുന്നയിച്ചതിനു പിന്നാലെയാണിത്.
ഹിന്ദുക്കളെന്ന് നടിക്കുന്ന ചിലർ സദാസമയവും അക്രമവും ഹിംസയും നടത്തുന്നുവെന്ന പരാമർശത്തിനെതിരെ ബിജെപി വൻ പ്രതിഷേധമുയർത്തുകയും പിന്നീട് ഇത് സഭാരേഖകളിൽനിന്ന് നീക്കുകയും ചെയ്തിരുന്നു.
‘‘ലോക്സഭയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചെയ്തതുപോലെ പെരുമാറരുത്. പാർലമെന്റിന്റെ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും പാലിക്കണം.’’–പ്രധാനമന്ത്രി പറഞ്ഞു. ജവാഹർലാൽ നെഹ്റുവിനു ശേഷം തുടർച്ചയായി മൂന്നാംതവണയും പ്രധാനമന്ത്രിയായെന്ന നാഴികക്കല്ല് ഒരു ചായ വിൽപ്പനക്കാരൻ നേടിയതോടെ ചിലർ അസ്വസ്ഥരാണെന്നും പ്രതിപക്ഷത്തെ പരോക്ഷമായി സൂചിപ്പിച്ച് മോദി പറഞ്ഞു.