കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പൽ സുനിൽ ഭാസ്‌കറിന് എസ്എഫ്‌ഐയുടെ ഭീഷണി. അദ്ധ്യാപകൻ രണ്ട് കാലിൽ കോളേജിൽ കയറില്ലെന്നും പറയുന്നത് ചെയ്യാനുള്ള കഴിവ് എസ്എഫ്‌ഐയ്‌ക്ക് ഉണ്ടെന്നുമാണ് ഏരിയ സെക്രട്ടറി നവതേജിന്റെ ഭീഷണി. ഈ അദ്ധ്യാപകരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എസ്എഫ്‌ഐക്ക് അറിയാമെന്നും നേതാവ് ഭീഷണി മുഴക്കി. പ്രിൻസിപ്പലിനെ അടിച്ചു ആശുപത്രിയിൽ ആക്കാൻ തീരുമാനിച്ചിട്ടില്ല. അങ്ങനെ ഒരു തീരുമാനം എടുത്തിരുന്നെങ്കിൽ അതും ചെയ്‌തേനേയെന്നും നവതേജ് പറഞ്ഞു.
ഒന്നാം വർഷ ബിരുദ പ്രവേശനത്തിനിടെയാണ് എസ്എഫ്‌ഐ പ്രവർത്തകർ പ്രിൻസിപ്പലിന്റെ കരണത്തടിക്കുകയും മർദിക്കുകയും ചെയ്തത്. കോളേജിന് പുറത്തുനിന്ന് എത്തിയ 15 പേർ ചേർന്നാണ് തന്നെ മർദിച്ചതെന്ന് പ്രിൻസിപ്പൽ പ്രതികരിച്ചു. എന്നാൽ പ്രിൻസിപ്പലിനെതിരെയായിരുന്നു പൊലീസ് കേസെടുത്തത്. കോളേജ് വിദ്യാർത്ഥികളെ മർദിച്ചെന്ന് കാണിച്ച് എസ്എഫ്ഐ പ്രവർത്തകർ നൽകിയ പരാതിയിന്മേലായിരുന്നു പൊലീസ് നടപടി.
കോളേജിൽ എസ്എഫ്‌ഐ യൂണിറ്റിന്റെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്‌ക് ഇട്ടിട്ടുണ്ടെങ്കിൽ ഏത് പ്രിൻസിപ്പൽ പറഞ്ഞാലും മാറ്റില്ലെന്നും ആഗ്രഹിക്കുന്ന സമയം വരെ അത് വയ്‌ക്കുമെന്നുമായിരുന്നു എസ്എഫ്‌ഐ പറഞ്ഞത്. എന്നാൽ ഇതുശരിയായ നടപടിയല്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു എസ്എഫ്ഐ ക്രിമിനലുകൾ ആക്രമിച്ചതെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി.