തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിൽ കെ.എസ്.യു നേതാവിനെ എസ്.എഫ്.ഐക്കാർ ഹോസ്റ്റലിൽ കൊണ്ടുപോയി മർദിച്ചെന്ന് പരാതി. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് അർധരാത്രി എം.എൽ.എമാരുടെ നേതൃത്വത്തിൽ ശ്രീകാര്യം പൊലീസ് സ്റ്റേഷൻ കെ.എസ്.യു പ്രവർത്തകർ ഉപരോധിച്ചു. എം.എൽ.എമാരായ ചാണ്ടി ഉമ്മൻ, എം.വിൻസെന്‍റ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.
ഇതിനിടെ എം.വിൻസെന്റ് ഉൾപ്പെടെയുള്ള നേതാക്കളെ എസ്.എഫ്.ഐ. പ്രവർത്തകർ തടഞ്ഞുവെന്നാരോപിച്ച് സ്റ്റേഷന് മുന്നിൽ കെ.എസ്.യു-എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ സംഘർഷവുമുണ്ടായി. കെ.എസ്.യു ജില്ലാ ജോയിന്റ് സെക്രട്ടറിയും ക്യാമ്പസിലെ വിദ്യാർഥിയുമായ സാൻ ജോസിനാണ് മർദനമേറ്റത്. എസ്.എഫ്.ഐ നേതാവും സെനറ്റ് അംഗവുമായ അജന്ത് അജയിയുടെ നേതൃത്വത്തിൽ മർദിച്ചുവെന്നാണ് പരാതി.
ചൊവ്വാഴ്ച രാത്രി ക്യാമ്പസിൽ വന്ന സാൻ ജോസിനെ ഒരു സംഘം ഹോസ്റ്റലിലെ മുറിയിൽ കൂട്ടിക്കൊണ്ടു പോയി മർദിക്കുകയായിരുന്നു. ഇതുകണ്ട ക്യാമ്പസിലെ വിദ്യാർഥികളാണ് വിവരം പൊലീസിൽ അറിയിച്ചത്. പൊലീസെത്തി സാൻജോസിനെ രക്ഷപ്പെടുത്തി ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.