ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി സെൻസെക്‌സ്. ബിഎസ്ഇ സെൻസെക്‌സ് ആദ്യമായി 80,000 പോയിന്റ് കടന്നു. നിഫ്റ്റി 24,300 പോയിന്റിനടുത്താണ് വ്യാപാരം നടക്കുന്നത്.വ്യാപാരത്തിന്റെ തുടക്കത്തിൽ സെൻസെക്‌സ് 570 പോയിന്റ് ഉയർന്ന് 80,039 പോയിന്റിലെത്തി. നിഫ്റ്റി 169 പോയിന്റ് ഉയർന്ന് 24,292 പോയിന്റെന്ന നേട്ടവും കൈവരിച്ചു.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഓഹരികൾ റെക്കോർഡ് മുന്നേറ്റം കാഴ്ച വച്ചതിനെ തുടർന്നാണ് സെൻസെക്‌സ് പുതിയ ഉയരങ്ങളിലെത്തിയത്. സെൻസെക്‌സ് ഓഹരികളിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിലാണ് ഏറ്റവും വലിയ ഉയർച്ച രേഖപ്പെടുത്തിയത്. ഏകദേശം മൂന്ന് ശതമാനം വർധനയോടെ എച്ച്‌ഡിഎഫ്‌സി 1,791.90എന്ന പുതിയ റെക്കോർഡിലെത്തി. എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഹരികൾ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 5.37 ശതമാനമാണ് ഉയർന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 13.54% ആണ് വർധന.
ഇതോടൊപ്പം കൊട്ടക് ബാങ്ക്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, എം ആൻഡ് എം എന്നിവയും നേട്ടം കൈവരിച്ചു. ബ്രിട്ടാനിയ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവ എൻഎസ്ഇയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ടാറ്റ മോട്ടോഴ്സും അൾട്രാടെക് സിമന്റും ഇടിവ് രേഖപ്പെടുത്തി.
നുവാമ ആൾട്ടർനേറ്റീവ് ആൻഡ് ക്വാണ്ടിറ്റേറ്റീവ് റിസർച്ചിന്റെ കണക്കുകൾ പ്രകാരം, എച്ച്‌ഡിഎഫ്‌സി ബാങ്കിലെ എഫ്ഐഐ ഓഹരി 55 ശതമാനത്തിൽ താഴെയുള്ളത് 3.8% മുതൽ 7.2%-7.5% വരെ വെയ്‌റ്റേജ് വർദ്ധിപ്പിക്കാൻ ഇടയാക്കും. ഇത് 3.2 ബില്യൺ മുതൽ 4 ബില്യൺ ഡോളർ വരെ പുതിയ നിക്ഷേപത്തിന് കാരണമാകുമെന്ന വിലയിരുത്തലാണ് എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഓഹരികൾക്ക് അനുകൂലമായത്.