ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധത്തിന് ഏഴുപതിറ്റാണ്ടിലേറെ പഴക്കമുണ്ട്. നാളിതുവരെയും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിൽ ഉലച്ചിലുകൾ ഉണ്ടായിട്ടില്ല. എന്നാൽ അടുത്ത കാലത്തായി റഷ്യയും ചൈനയും തമ്മിലുള്ള ബന്ധം അരക്കിട്ടുറപ്പിക്കുന്ന നീക്കങ്ങളുമുണ്ടായി. റഷ്യൻ പ്രസിഡൻ്റ് വ്ലാദിമർ പുടിൻ ബെയ്ജിങ്ങിൽ വെച്ച് ചൈനീസ് നേതാവ് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തിയത് ഇന്ത്യക്ക് ആശങ്കയുണ്ടാക്കിയ വിഷയമായിരുന്നു. അമേരിക്കയും ചൈനയും തമ്മിൽ ശീതസമരം നിലനിൽക്കുന്നതിനാൽ ഇന്ത്യയ്ക്കായിരുന്നു എല്ലാരീതിയിലും നേട്ടം. അമേരിക്കയും റഷ്യയും പോലുള്ള രണ്ട് രാജ്യങ്ങളും ഇന്ത്യയുടെ അടുത്ത സുഹൃത്തുക്കളായി തന്നെ നിലനിന്നിരുന്നു. എന്നാൽ ചൈനയും റഷ്യയും രൂപപ്പെടുത്തിയ പുതിയ സൗഹൃദം ഇന്ത്യയ്ക്കൊരു വെല്ലുവിളി തന്നെയാണ്. അമേരിക്കയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചകളും ഒരു വശത്തു നടക്കുന്നുണ്ട്. അതിനാൽത്തന്നെ അമേരിക്കയുമായും റഷ്യയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കേണ്ടതായിട്ടുണ്ട്. ഈ തിരിച്ചറിവിലാണ് റഷ്യയുമായുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ സന്ദർശനത്തിന് തയ്യാറെടുക്കുന്നത്.
2022ൽ റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായിട്ടാണ് മോദി റഷ്യ സന്ദർശിക്കുന്നത്. വീണ്ടും റഷ്യൻ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട പുടിൻ രണ്ടുമാസം മുമ്പ് ചൈന സന്ദർശിച്ചിരുന്നു. റഷ്യ-ചൈന ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതായിരുന്നു ആ കൂടിക്കാഴ്ച. മൂന്നാമതും പ്രധാനമന്ത്രിയായി തതെരഞ്ഞെടുക്കപ്പെട്ട മോദി മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി തൻ്റെ ആദ്യ ഉഭയകക്ഷി സന്ദർശനത്തിന് റഷ്യയെയാണ് തെരഞ്ഞെടുത്തത്. മോസ്‌കോയുമായുള്ള ബന്ധത്തിന് ന്യൂഡൽഹി നൽകുന്ന പ്രാധാന്യത്തെ വ്യക്തമാക്കുന്ന നീക്കമാണിത്.
ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഉപഭോക്താവായ ഇന്ത്യ റഷ്യയിൽ നിന്നാണ് വലിയ തോതിൽ എണ്ണ ഇറക്കുമതി ചെയ്യുന്നത്. കൂടാതെ ആയുധങ്ങൾക്കായും ഇന്ത്യ ആശ്രയിക്കുന്നത് റഷ്യയെയാണ്. മോദിയും പുതിനും തമ്മിൽ നടക്കാൻ പോകുന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യത്തെയും സൈന്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കരാർ, ഫിഫ്ത് ജനറേഷൻ ഫൈറ്റർ എയർക്രാഫ്റ്റുകൾ, ആണവോർജ്ജ രംഗത്തെ സഹകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. എന്നാൽ ഈ വിഷയങ്ങൾ സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
ജൂലൈ 8-9 തീയതികളിലാണ് പ്രധാനമന്ത്രി മോസ്കോയിൽ എത്തുക. അതിന് ശേഷം അദ്ദേഹം രണ്ട് ദിവസത്തെ സന്ദർശനത്തിനായി വിയന്നയിലേക്ക് പോകും. ഏഷ്യൻ ശക്തികളിൽ ചൈനയുടെ അധീശത്വത്തോട് താത്പര്യമില്ലാത്ത അമേരിക്കയുടെ ഇപ്പോഴത്തെ പിന്തുണ ഇന്ത്യക്കുണ്ട്. എന്നാൽ യുക്രൈൻ വിഷയത്തോടെ റഷ്യയുമായി അകന്നിരിക്കുകയാണ് അമേരിക്ക. ഇന്ത്യ റഷ്യയോട് സൗഹൃദം തുടരുന്നതിനോട് അമേരിക്കയ്ക്ക് വിയോജിപ്പുണ്ടെങ്കിലും ചൈനയ്ക്കെതിരായ ശക്തി എന്ന നിലയിൽ ഇന്ത്യയെ പിണക്കാനും യു.എസ് തയ്യാറല്ല. മാത്രമല്ല, ഇന്ത്യ വിശ്വസ്ത സുഹൃത്താണെന്നും തങ്ങളുടെ താത്പര്യങ്ങൾ തീർത്തും അവഗണിച്ചുള്ള നിലപാട് ഇന്ത്യ സ്വീകരിക്കില്ലെന്നും അമേരിക്ക വിശ്വസിക്കുന്നുണ്ട്.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിനെ മറ്റൊരു യുദ്ധ സാഹചര്യത്തിലേക്ക് തള്ളിവിട്ടത് റഷ്യൻ അധിനിവേശമെന്ന വിമർശനം ശക്തമാണ്. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ പ്രധാനമന്ത്രിയും റഷ്യൻ പ്രസിഡൻ്റും തമ്മിൽ കൂടിക്കാഴ്ചകളും നടന്നിട്ടില്ല. യുക്രൈൻ അധിനിവേശത്തിൽ കടുത്ത സമ്മർദ്ദം ഉണ്ടായപ്പോഴും റഷ്യക്ക് മേലെ ഉപരോധം തീർക്കാൻ ഇന്ത്യ തയ്യാറായിരുന്നില്ല. ഐക്യരാഷ്ട്ര സഭയിൽ ഈ വിഷയത്തിലെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന ഇന്ത്യ, നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്ന നിലപാടാണ് എന്നും ഉയർത്തിയത്.
യുക്രൈൻ – റഷ്യ യുദ്ധത്തിൽ ഇന്ത്യക്ക് സാമ്പത്തിക നേട്ടവും ഉണ്ടായിട്ടുണ്ടെന്ന് പറയാതെ പറ്റില്ല. ഇന്ത്യൻ കമ്പനികൾക്ക് ക്രൂഡ് ഓയിൽ വൻ ഇളവോടെയാണ് റഷ്യ നൽകിയത്. 2021 നെ അപേക്ഷിച്ച് ഇന്ത്യ 20 മടങ്ങ് അധികമാണ് റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങിയത്. പ്രതിദിനം 20 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വരെ ഇന്ത്യ വാങ്ങി. 13 ബില്യൺ ഡോളറാണ് ഇതിലൂടെ കഴിഞ്ഞ 23 മാസം കൊണ്ട് ഇന്ത്യ ലാഭിച്ചത്.
അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ മോസ്കോ സന്ദർശനം റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമർ പുടിനെ സംബന്ധിച്ച് വലിയ നയതന്ത്ര നേട്ടം കൂടിയാണ്. യുദ്ധ കുറ്റവാളിയായി കണക്കാക്കി അന്താരാഷ്ട്ര ക്രിമിനൽ കോടി പുടിൻ്റെ വിദേശയാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യ ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടിക്കും ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കും പുടിൻ എത്തിയിരുന്നില്ല. ലോകരാഷ്ട്രങ്ങളിൽ പ്രധാനിയായ ഇന്ത്യയുടെ ഭരണത്തലവൻ മോസ്കോ സന്ദർശിക്കുമ്പോൾ, തങ്ങൾ ഒറ്റയ്ക്കല്ലെന്ന സന്ദേശം നൽകാൻ കൂടി റഷ്യക്ക് സാധിക്കും.
യുദ്ധത്തെ തുടർന്ന് റഷ്യൻ വ്യാപാര രംഗം സ്തംഭിക്കാതിരിക്കാൻ നിർണായക ഇടപെടലാണ് ഇന്ത്യ നടത്തിയത്. അമേരിക്കൻ ഡോളറിൻ്റെ ഉപയോഗം കുറയ്ക്കാൻ റഷ്യയെ സഹായിക്കുന്നതിനായി വാങ്ങുന്ന ക്രൂഡ് ഓയിലിന് യുഎഇ ദിർഹത്തിലാണ് ഇന്ത്യ പണം നൽകുന്നത്. ആയുധങ്ങളടക്കം റഷ്യയ്ക്ക് വിതരണം ചെയ്യുന്നതിൽ ഇന്ത്യൻ കമ്പനികളുമുണ്ട്. ഇന്ത്യൻ രൂപയിലാണ് റഷ്യൻ കമ്പനികൾ ഇന്ത്യക്ക് പണം നൽകുന്നത്. ഈ കരാർ പ്രകാരം ഇന്ത്യയിലെ സംരംഭങ്ങൾക്ക് പണം നൽകി റഷ്യ ഇലക്ട്രോണിക് ഉൽപ്പന്നങ്ങളും മരുന്നുകളും കാർഷികോപകരണങ്ങളും വസ്ത്രങ്ങളും അടക്കം വാങ്ങുന്നുണ്ട്. അത് ഇന്ത്യൻ കമ്പനികൾക്കും നേട്ടമാണ്.
എന്നാൽ ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാര ബന്ധത്തിൽ വലിയ അന്തരമുണ്ട്. ഇന്ത്യ റഷ്യയിൽ നിന്ന് 60 ബില്യൺ ഡോളറിൻ്റെ ഇറക്കുമതി നടത്തുമ്പോൾ അഞ്ച് ബില്യൺ ഡോളറിൻ്റെ ഉൽപ്പന്നങ്ങൾ മാത്രമാണ് കയറ്റി അയക്കുന്നത്. ഒരിക്കൽ ഇന്ത്യയ്ക്ക് ഏറ്റവുമധികം യുദ്ധോപകരണങ്ങൾ നൽകിയിരുന്ന രാജ്യം റഷ്യയായിരുന്നു. എന്നാൽ ഇപ്പോൾ ഫ്രാൻസിൽ നിന്നും അമേരിക്കയിൽ നിന്നുമാണ് ഇന്ത്യ ആയുധം വാങ്ങുന്നത്. എങ്കിലും ഇന്ത്യയിലേക്കുള്ള ആയുധ ഇറക്കുമതിയിൽ ഇപ്പോഴും വലിയ പങ്ക് റഷ്യയുടേതാണ്, 36 %. ഇന്ത്യയിൽ നിന്നുള്ള നിരവധി കമ്പനികളാണ് റഷ്യയിലേക്ക് അടുത്തിടെ പ്രവർത്തനം വ്യാപിപ്പിച്ചത്. നിരവധി യോഗങ്ങളും ഇന്ത്യൻ കമ്പനികളുടെ ഉന്നതർ റഷ്യിലെത്തി നടത്തുന്നുണ്ട്. 2019 ൽ അവസാനമായി റഷ്യ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കുറി മോസ്കോയിലെത്തുമ്പോൾ അതിന് അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ പ്രാധാന്യം ലഭിക്കുന്നത് ഇക്കാരണങ്ങൾ കൊണ്ടാണ്.