ന്യൂഡല്‍ഹി∙ ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗിക വസതിയിലെത്തി കണ്ടു. വ്യാഴാഴ്ച പുലർച്ചെ ആറു മണിക്ക് ബാർബഡോസിൽനിന്ന് ഡൽഹിയിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ പ്രത്യേക ബസിലാണ് പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്. ലോകകപ്പ് നേട്ടത്തിലുള്ള അഭിനന്ദനം അറിയിച്ച മോദി താരങ്ങൾക്കൊപ്പം കുറച്ചു സമയം ചെലവഴിച്ചു. ക്യാപ്റ്റൻ രോഹിത് ശർമയും പരിശീലകൻ രാഹുൽ ദ്രാവിഡും ചേർന്നാണ് ലോകകപ്പ് ട്രോഫി പ്രധാനമന്ത്രിയുടെ കയ്യിലേക്കു നൽകിയത്.
ഉച്ചയ്ക്ക് ഒരു മണിയോടെ പ്രധാനമന്ത്രിയുടെ വസതിയിൽനിന്ന് ഇറങ്ങിയ താരങ്ങൾ മുംബൈയിലേക്കു പോയി. വൈകിട്ട് അഞ്ച് മണിക്കാണ് മുംബൈ നഗരത്തിലെ റോഡ‍് ഷോയ്ക്കു തുടക്കമാകുന്നത്. പ്രത്യേകം തയാറാക്കിയ ബസിൽ നരിമാൻ പോയിന്റ് മുതൽ വാങ്കഡെ സ്റ്റേഡിയം വരെയാണ് താരങ്ങളുടെ റോഡ് ഷോ. വാങ്കഡെ സ്റ്റേഡിയത്തിൽ ആരാധകർക്കു സൗജന്യമായി പ്രവേശിക്കാം. ലോകകപ്പ് വിജയികൾക്ക് ബിസിസിഐ പ്രഖ്യാപിച്ച 125 കോടി രൂപ സമ്മാനത്തുക ഇന്നു വൈകിട്ട് കൈമാറും.