തിരുവനന്തപുരം: കാര്യവട്ടം കാമ്പസില്‍ എസ്.എഫ്.ഐ നടത്തിയ മനുഷ്യത്വരഹിതമായ നരനായാട്ടിനെതിരെ പ്രതിഷേധിച്ചതിന്‍റെ പേരില്‍ എം.എല്‍.എമാരായ എം. വിന്‍സെന്‍റിനും ചാണ്ടി ഉമ്മനും എതിരെ കേസെടുത്ത പൊലീസ് നടപടി ഇടതു സര്‍ക്കാറിന്‍റെ ഫാസിസ്റ്റ് മുഖമാണ് വീണ്ടും വെളിച്ചത്തു കൊണ്ടുവരുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്എഫ്.ഐക്കാര്‍ക്ക് എന്തു തോന്ന്യവാസം ചെയ്യാനും ആരെയും അടിച്ചു ചതയ്ക്കാനും ഭരണത്തിന് നേതൃത്വം നല്‍കുന്നവര്‍ അനുമതി നല്‍കിയിരിക്കുകയാണെന്നാണ് കാര്യവട്ടത്ത് മാത്രമല്ല, കേരളത്തില്‍ തുടര്‍ച്ചയായി അരങ്ങേറിക്കൊണ്ടിരിക്കുന്ന അക്രമ സംഭവങ്ങള്‍ തെളിയിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
കൊയിലണ്ടി കോളേജില്‍ പ്രിന്‍സിപ്പലിന്‍റെ കരണത്തടിച്ചത് കഴിഞ്ഞ ദിവസമാണ്. പൂക്കോട് വെറ്റിനറി സര്‍വകാലാശാലയില്‍ സിദ്ധാര്‍ത്ഥന്‍ എന്ന വിദ്യാര്‍ഥിയോട് കാണിച്ച കൊടുംക്രൂരത സമാനതകളില്ലാത്തതാണ്. കാര്യവട്ടത്ത് കെ.എസ്.യു. ജില്ല സെക്രട്ടറി സാന്‍ ജോസിനെ ഇടി മുറിയില്‍ കയറ്റി തല്ലി ചതയ്ക്കുകയായിരുന്നു. ഈ സംഘടന ഇത്രത്തോളം ക്രമിനല്‍ സ്വഭാവത്തിലേക്ക് വളര്‍ന്നതിന്‍റെ ഉത്തരവാദിത്തം അവരുടെ അതിക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന സി.പി.എം നേതൃത്വത്തിനാണ് -ചെന്നിത്തല കുറ്റപ്പെടുത്ത
കാര്യവട്ടത്തെ കൊടുംക്രൂരതക്കെതിരെ പ്രതിഷേധിക്കാന്‍ പോലും സര്‍ക്കാര്‍ അനുവദിക്കുകയില്ലെന്ന നിലപാടാണ് എം.എല്‍.മാര്‍ക്കെതിരെ കേസെടുത്തതിലൂടെ വ്യക്തമാകുന്നത്. തിരഞ്ഞെടുപ്പ് തോല്‍വിയില്‍നിന്ന് ഇവര്‍ ഒരു പാഠവും പഠിക്കാന്‍ പോകുന്നില്ല. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. അവര്‍ ഈ സര്‍ക്കാറിനെയും മുന്നണിയെയും വേരോടെ പിഴുതെടുത്ത് ദൂരെക്കളയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.