സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി മുതിർന്ന നേതാവ് എ.കെ.ബാലൻ. വഴിയിൽ കെട്ടിയ ചെണ്ടയല്ല എസ്എഫ്ഐയും സിപിഐഎമ്മുമെന്ന് എ.കെ.ബാലൻ പറഞ്ഞു. എസ്എഫ്ഐയുടെ രക്തം കുടിക്കാൻ അനുവദിക്കില്ല. മുന്നണിക്കുള്ളിലുള്ള ആളായാലും പുറത്തുള്ള ആളായാലും ശരി, ഒരു വിദ്യാർത്ഥി സംഘടനയെ പട്ടിയാക്കി പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് സമ്മതിക്കില്ലെന്ന് എ.കെ.ബാലൻ പ്രതികരിച്ചു.
എസ്എഫ്ഐയെ വളർത്തിയത് ഞങ്ങളാണ്. എസ്എഫ്ഐയെ സംബന്ധിച്ചടുത്തോളം തിരുത്തേണ്ടത് തിരുത്താൻ ആ സംഘടനയ്ക്ക് കഴിയും. എസ്എഫ്ഐയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും പിശക് ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.എസ്എഫ്ഐക്കെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. എസ്എഫ്ഐ തുടരുന്നത് പ്രാകൃതമായ സംസ്കാരമാണ്.പുതിയ എസ്എഫ്ഐ ക്കാർക്ക് ഇടതുപക്ഷം എന്ന വാക്കിന്‍റെ അർത്ഥം അറിയില്ല.ആശയത്തിന്‍റെ ആഴം അറിയില്ല.കാര്യങ്ങൾ ശരിയായി പഠിപ്പിക്കണം, നേർവഴിക്ക് നയിക്കണം.തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന് ബാധ്യതയാകും.എസ്എഫ്ഐ തിരുത്തിയേ തീരു എന്നും അദ്ദേഹം പറഞ്ഞു .
കാര്യവട്ടം ക്യാംപസിലെ ഇടിമുറി ആക്രണമണവും, കൊയിലാണ്ടി ഗുരുദേവ കോളേജിലെ പ്രിന്‍സിപ്പലിന്‍റെ കരണത്തടിക്കുകയും ഭീഷണി പ്രസംഗം നടത്തുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.