പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ജയിക്കാന്‍ കഴിയുന്നവര്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. യോഗ്യരായ സ്ഥാനാര്‍ത്ഥികള്‍ പാലക്കാടും ചേലക്കരയിലും വയനാട്ടിലും വരണം. ഉപതിരഞ്ഞെടുപ്പിലെ വിജയം തൃശൂരിലെ വിജയവുമായി താരതമ്യം ചെയ്യരുതെന്നും സുരേഷ് ഗോപി പറഞ്ഞു.
‘നിങ്ങള്‍ പാലക്കാട് തന്നോളൂ, കേരളം ഞങ്ങള്‍ ഇങ്ങെടുക്കും. ട്രോളുകള്‍ വന്നാല്‍ ബിജെപി വിജയിക്കും. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു സെമി ഫൈനലാണ് ഈ ഉപതിരഞ്ഞെടുപ്പ്. തദ്ദേശ തിരഞ്ഞെടുപ്പിലും നേട്ടം ഉണ്ടാക്കണം’, സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, കേരളത്തില്‍ ബിജെപിയുടെ പ്രഭാരിയായി പ്രകാശ് ജാവദേക്കറിനെ വീണ്ടും തിരഞ്ഞെടുത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ പാര്‍ട്ടിയുടെ മികച്ച പ്രകടനം കണക്കിലെടുത്താണ് തീരുമാനമെന്നാണ് വിവരം. വി മുരളീധരന്‍ വീണ്ടും ദേശീയനേതൃത്വത്തിലേക്കെത്തി. ഏഴ് നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളുടെ സഹചുമതലയാണ് വി മുരളീധരന് നല്‍കിയിരിക്കുന്നത്. അനില്‍ ആന്റണിയെ മേഘാലയയുടെയും നാഗാലാന്റിന്റെയും ചുമതലയുള്ള പ്രഭാരിയായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ നിയമിച്ചു.