ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പഞ്ചവർണകഥകളിലെ വവ്വാലെന്ന് വിശേഷിപ്പിച്ച് മുതിർന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി മോദി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചതിന് പിന്നാലെ എക്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു സ്വാമിയുടെ പരാമർശം.”മോദിയെ റഷ്യയിലേക്ക് പുടിൻ വിളിച്ചുവരുത്തുന്നുണ്ട്. ഇതേ സമയത്ത് യു.എസ് ക്വാഡ് അംഗങ്ങളുമായി, ഇന്ത്യ ഒഴികെ, കൂടിക്കാഴ്ച നടത്തുന്നുണ്ട്. മോദി ഇപ്പോൾ തികച്ചും പഞ്ചവർണ കഥയിലെ വവ്വാലായി മാറിയിട്ടുണ്ട്. മോസ്കോയിൽ മോദി അഷ്ടാംഗ നമസ്കാരം നടത്തും. തർജ്ജമ സംസ്കൃതം അനായാസമായി കൈകാര്യം ചെയ്യുന്ന റഷ്യൻ വനിത നടത്തും,” സുബ്രഹ്മണ്യൻ സ്വാമി കുറിച്ചു.
മൃഗങ്ങളും പക്ഷികളും തമ്മിൽ നടന്ന തർക്കത്തിൽ ആരെയും പിന്തുണക്കാതെ വിജയിക്കുന്ന പക്ഷത്തിനൊപ്പം നിൽക്കുന്ന ഇരുകൂട്ടത്തിലും ചേർക്കാവുന്ന വവ്വാലുകളെ കുറിച്ചാണ് പഞ്ചവർണകഥകളിൽ പരാമർശിക്കുന്നത്. ഇരു സംഘങ്ങളും സഞ്ചാരം കഴിഞ്ഞ് കൂടുകളിലെത്തുന്ന രാത്രികളിൽ മാത്രമാണ് വവ്വാലുകൾ പുറത്തിറങ്ങുന്നതെന്നും കഥയിൽ പറയുന്നു.അതേസമയം കഴിഞ്ഞ ദിവസം ചൈനയുമായുള്ള അതിർത്തി വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ സുബ്രഹ്മണ്യൻ സ്വാമി എക്സിൽ കുറിപ്പ് പങ്കുവെച്ചിരുന്നു.
“പേടിച്ചരണ്ട മോദിയോടും എലിയായ ജയശങ്കറിനോടും എവിടെ പോയി ഒളിക്കണമെന്ന് ചൈനയുടെ ഷി ജിംപിങ് പറഞ്ഞുകൊടുത്തിട്ടുണ്ട്. കഴിഞ്ഞ നാല് വർഷമായി ചൈന ഇന്ത്യയുടെ ഭൂമി കയ്യേറുമ്പോഴും മോദി പറയുന്നത് ആരും വന്നിട്ടില്ല എന്നാണ്. ചൈനക്കാരെ പുറത്താക്കാൻ അദ്ദേഹത്തിന് സാധിക്കില്ലെങ്കിൽ മോദി രാജിവെക്കണം.” അദ്ദേഹം പറഞ്ഞു.ജൂലൈ 8, 9 തീയതികളിൽ ആയിരിക്കും മോദി റഷ്യയിലെത്തുക. ഉക്രെയിനുമായുള്ള സംഘർഷത്തിന് ശേഷമുള്ള മോദിയുടെ ആദ്യ റഷ്യ സന്ദർശനമാണിത്.