Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'മകന്‍റെ താലി നീ ഇടേണ്ട, മുഖത്തടിച്ച് തള്ളിയിട്ടു, പത്ത് ലക്ഷം ആവശ്യപ്പെട്ടു'; സത്യഭാമക്കെതിരെ കേസ്

‘മകന്‍റെ താലി നീ ഇടേണ്ട, മുഖത്തടിച്ച് തള്ളിയിട്ടു, പത്ത് ലക്ഷം ആവശ്യപ്പെട്ടു’; സത്യഭാമക്കെതിരെ കേസ്

തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമക്കെതിരെ സ്ത്രീധന പീഡനക്കേസില്‍ ഗുരുതര ആരോപണം. മരുമകളില്‍ നിന്നും കൂടുതല്‍ സത്രീധനം ആവശ്യപ്പെട്ട സത്യഭാമ അവരെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും വീട്ടില്‍ നിന്നും പുറത്താക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു. എഫ്‌ഐആറിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടര്‍ ടി വിക്ക് ലഭിച്ചു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്.

2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2022 സെപ്തംബറിലാണ് പരാതിക്കാരിയും സത്യഭാമയുടെ മകന്‍ അനൂപും തമ്മിലുള്ള വിവാഹം നടന്നത്. കേസില്‍ രണ്ടാം പ്രതിയായ സത്യഭാമ മകന്റെ ഭാര്യക്ക് സ്വന്തം വീട്ടുകാര്‍ വിവാഹസമ്മാനമായി നല്‍കിയ 35 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഊരിവാങ്ങിയശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചെന്നാണ് കേസ്. ഇതിന് പുറമെ സ്ത്രീധനമായി പത്ത് ലക്ഷം രൂപ കൂടുതല്‍ വീട്ടുകാരില്‍ നിന്നും വാങ്ങികൊണ്ടുവരാന്‍ നിര്‍ബന്ധിച്ചു. വീടും പരിസരവും സത്യഭാമയുടെ മകന്റെ പേരില്‍ എഴുതികൊടുത്ത് ശേഷം വീട്ടിലേക്ക് വന്നാല്‍ മതിയെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു.

2022 സെപ്തംബര്‍ 29 ന് പരാതിക്കാരിയെ സത്യഭാമയും മകനും ചേര്‍ന്ന് സ്വന്തം വീട്ടില്‍ കൊണ്ടുവിടുകയും 10.10.2022 ന് വൈകിട്ട് 7 മണിക്ക് പരാതിക്കാരിയും മാതാപിതാക്കളും സത്യഭാമയുടെ വീട്ടിലെത്തിയപ്പോള്‍ ‘എന്റെ മകന്‍ കെട്ടിയ താലി നീ ഇടേണ്ട’ എന്നു പറഞ്ഞ് സത്യഭാമ താലിമാല വലിച്ചുപൊട്ടിച്ചെടുത്തെന്നും എഫ്‌ഐആറില്‍ പറയുന്നു. പിന്നാലെ സത്യഭാമ മരുമകളുടെ മുഖത്ത് അടിച്ച് തറയില്‍ തള്ളിയിട്ടെന്നും വസ്ത്രങ്ങളും മറ്റും വാരി വീടിന് പുറത്തേക്ക് വലിച്ചെറിഞ്ഞെന്നും ആരോപണമുണ്ട്.

നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെതിരായ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് കേസിന്റെ വിവരങ്ങളും പുറത്ത് വരുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.

പ്രസ്താവന വിവാദമായപ്പോഴും പിന്‍വലിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, ഉറച്ചുനില്‍ക്കുകയാണ് സത്യഭാമ. കൂടുതല്‍ കടുത്ത ഭാഷയില്‍ ഇവര്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. ‘മോഹനന്‍ മോഹിനിയാട്ടം കളിച്ചാല്‍ ശരിയാവില്ല. മോഹിനിയാട്ടം കളിക്കണമെങ്കില്‍ അത്യാവശ്യം സൗന്ദര്യം വേണം. നിറത്തിന് സൗന്ദര്യത്തില്‍ പ്രാധാന്യമുണ്ട്. ഇല്ലെങ്കില്‍ ഏതെങ്കിലും കറുത്ത കുട്ടിക്ക് സൗന്ദര്യമത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടോ? ആരൊക്കെ വന്നാലും എന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കും’ എന്നാണ് സത്യഭാമ പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments