അഹ്മദാബാദ്: ഗുജറാത്തിലെ സൂററ്റിൽ നാലു നില കെട്ടിടം തകർന്നുവീണു. നിരവധി പേർ കെട്ടിടത്തിന്റെ ഉള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. സൂററ്റിലെ സച്ചിൻ മേഖലയിലാണ് അപകടം നടന്നത്. അപകടം സംഭവിച്ച വിവരം ലഭിച്ചയുടൻ പൊലീസും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. ആറുനില കെട്ടിടം തകർന്നുവെന്നാണ് വിവരം ലഭിച്ചതെന്നും സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് നാലുനില കെട്ടിടമാണ് തകർന്നതെന്ന് മനസിലായതെന്നും സൂററ്റ് കലക്ടർ സൗരഭ് പാർഥി പറഞ്ഞു. കെട്ടിടത്തിനുള്ളിൽ നിന്ന് ഒരു സ്ത്രീയെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നാലോളം പേർ ഉള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായും കലക്ടർ സൂചിപ്പിച്ചു.
2016-17 വർഷത്തിൽ നിർമിച്ച കെട്ടിടമാണ് തകർന്നതെന്ന് സൂററ്റ് പൊലീസ് കമീഷണർ അനുപം സിങ് ഗെഹ്ലോട്ട് പറഞ്ഞു. രണ്ടുമൂന്നു മണിക്കൂറിനകം കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ സാധിക്കുമെന്നും അനുപം സിങ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇക്കഴിഞ്ഞ മാർച്ചിൽ മോർബി നഗരത്തിൽ നിർമാണം നടന്നുകൊണ്ടിരുന്ന മെഡിക്കൽ കോളജ് കെട്ടിടം തകർന്ന് നാലുപേർക്ക് പരിക്കേറ്റിരുന്നു.