ടൊറന്റോ∙ ഡബ്ല്യുഡബ്ല്യുഇയിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജോൺ സീന. ടൊറന്റോയിലെ ‘മണി ഇൻ ദ ബാങ്ക്’ മത്സരത്തിനിടെ വേദിയിലെത്തിയാണ് ജോൺ സീന വിരമിക്കൽ പ്രഖ്യാപിച്ചത്. അടുത്ത വർഷം അവസാനത്തോടെ മത്സരങ്ങളിൽ പങ്കെടുക്കുന്നത് അവസാനിപ്പിക്കുമെന്നാണ് 47 വയസ്സുകാരനായ താരം വ്യക്തമാക്കിയത്. 2025 ൽ നടക്കാനിരിക്കുന്ന റോയൽ റംബിൾ, എലിമിനേഷൻ ചേംബർ എന്നിവയിൽ ജോൺ സീന പങ്കെടുത്തേക്കും.
റെസ്സ്ൽമാനിയ 41 താരത്തിന്റെ അവസാന ഡബ്ല്യുഡബ്ല്യുഇ മത്സരമാകാനാണു സാധ്യത. വോദിയിൽവച്ച് ജോൺ സീന വിരമിക്കൽ തീരുമാനം അറിയിച്ചപ്പോൾ ഗാലറിയിലുണ്ടായിരുന്ന ആരാധകർ ‘അരുതേ’ എന്നു പറയുന്നതു കേൾക്കാമായിരുന്നു. 2002 ലാണ് ജോൺ സീന റെസ്ലിങ് കരിയർ തുടങ്ങുന്നത്. 16 തവണ ലോകചാംപ്യനായി.
ഫ്രീലാൻസ്, ദ് മറൈൻ, ബ്ലോക്കേഴ്സ്, വെക്കേഷൻ ഫ്രണ്ട്സ്, ഹിഡ്ഡൻ സ്ട്രൈക്ക്, പ്ലേയിങ് വിത്ത് ഫയർ തുടങ്ങി നിരവധി ഹോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 96–ാമത് ഓസ്കർ വേദിയിൽ പൂർണനഗ്നനായി പ്രത്യക്ഷപ്പെട്ട് ജോൺ സീന വാർത്തകളിൽ ഇടം നേടിയിരുന്നു. വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം നൽകാൻ ക്ഷണിച്ചപ്പോഴാണ് ‘വസ്ത്രമില്ലാതെ’ ജോൺ സീന സ്റ്റേജിലേക്കെത്തിയത്. നോമിനേഷനുകൾ എഴുതിയ കാർഡുകൊണ്ട് ശരീര ഭാഗം മറച്ചായിരുന്നു ജോൺ സീന വേദിയിൽ തുടർന്നത്.