ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈകോടതി വിധിക്കെതിരെ കുറ്റവാളികൾ സമർപ്പിച്ച ഹരജിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. സംസ്ഥാന സർക്കാർ, കെ.കെ. രമ അടക്കമുള്ള എതിർകക്ഷികൾക്കാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ആറ് ആഴ്ച്ചക്കുള്ളിൽ മറുപടി നൽകണം. ഒന്നു മുതല്‍ എട്ടുവരെയുള്ള പ്രതികളാണ് ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
കേസിലെ ആദ്യ ആറു പ്രതികളായ അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവര്‍ ഇരട്ട ജീവപര്യന്തം ലഭിച്ചവരാണ്. 12 വര്‍ഷമായി ജയിലിലാണെന്നും ശിക്ഷയിളവ് ചെയ്ത് ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം. കേസില്‍ ഹൈകോടതി ശിക്ഷിച്ച ജ്യോതി ബാബുവും കെ.കെ. കൃഷ്ണനും ശിക്ഷായിളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചവരിൽ ഉൾപ്പെടുന്നു. ഇവരെ വിചാരണക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നെങ്കിലും ഹൈകോടതി പിന്നീട് ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു
നേരത്തെ, ടി.പി. വധക്കേസിലെ മൂന്ന് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള നീക്കം വിവാദമായിരുന്നു. 20 വർഷം വരെ ഇളവില്ലാതെ ഹൈകോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, സിജിത്ത് എന്നിവരുടെ ശിക്ഷയിൽ ഇളവ് നൽകാനുള്ള നീക്കമാണ് വിവാദമായത്. ശിക്ഷായിളവ് സംബന്ധിച്ചു പൊലീസിനോട് പ്രതികളുടെ റിപ്പോർട്ടാവശ്യപ്പെടുന്ന കണ്ണൂർ ജയിൽ സൂപ്രണ്ടിന്റെ കത്ത് പുറത്തായിരുന്നു.
സംഭവം വിവാദമായതോടെ ശിക്ഷ ഇളവിനുള്ള ശിപാര്‍ശയില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാരെ ഉള്‍പ്പെടുത്തി പൊലീസ് റിപ്പോര്‍ട്ട് തേടിയ ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് സർക്കാർ തലയൂരുകയായിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.