ആദായ നികുതി വകുപ്പ് നടപടികളുടെ പേരില്‍ കോണ്‍ഗ്രസിന്റെ പ്രധാന ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. വെറുപ്പ് നിറഞ്ഞ അസുര ശക്തി ഇന്ത്യന്‍ ജനാധിപത്യത്തെ അമര്‍ച്ച ചെയ്യാനായി ഞങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ സാമ്പത്തികമായി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതൃത്വം ഇന്ന് വിളിച്ച അസാധാരണ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് പ്രധാനമന്ത്രി നടത്തുന്നത് ക്രിമിനല്‍ നടപടിയെന്ന് കോണ്‍ഗ്രസ് തുറന്നടിച്ചു.സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ പോലും പണമില്ലെന്ന് ഡല്‍ഹിയില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോലും പണമില്ലാതെ ,കോണ്‍ഗ്രസ് വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ , സോണിയ ഗാന്ധി ,രാഹുല്‍ഗാന്ധി എന്നിവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ വിശദീകരിച്ചു.സാമ്പത്തികമായി തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് പ്രധാനമന്ത്രിയില്‍ നിന്ന് നടക്കുന്നതെന്ന് സോണിയ ഗാന്ധി പ്രതികരിച്ചു.
2018-19 വര്‍ഷത്തിലേക്കായി 210 കോടി അടയ്ക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി മാസത്തില്‍ കോണ്‍ഗ്രസിന്റെ നാല് പ്രധാന അക്കൗണ്ടുകളും ആദായ നികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. തങ്ങളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചാല്‍ ബില്ലുകളും ശമ്പളവും നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഐടി വകുപ്പിന്റെ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാല്‍ അപേക്ഷ ട്രിബ്യൂണല്‍ തള്ളുകയായിരുന്നു. മാര്‍ച്ചില്‍ ഇതിനെതിരെ കോണ്‍ഗ്രസ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. എന്നിരിക്കിലും കോടതിയും മരവിപ്പിക്കന്‍ നടപടിയ്ക്ക് സ്റ്റേ നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു.