മോസ്കോ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലെത്തി. ഇന്ന് വൈകീട്ടാണ് മോദി റഷ്യയിൽ വിമാനമിറങ്ങിയത്. യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് മോദി റഷ്യ സന്ദർശിക്കുന്നത്. റഷ്യയുടെ ഉപപ്രധാനമന്ത്രി ഡെനിസ് മൻടുറോവ് പ്രധാനമന്ത്രിയെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.
മൂന്നാം തവണയും അധികാരത്തിലെത്തിയ ശേഷമുളള മോദിയുടെ ആദ്യ റഷ്യൻ സന്ദർശനം കൂടിയാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാകുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്ന് മോസ്കോയിലെത്തിയ ശേഷം പ്രധാനമന്ത്രി പറഞ്ഞു. നാളെ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി മോദി സംസാരിക്കും.
മോസ്‌കോയുമായി ദീർഘകാല ബന്ധം നിലനിർത്തുകയാണ് ഈ യാത്രയുടെ ലക്ഷ്യം. പുടിനുമായി എല്ലാ മേഖലയിലെയും ഉഭയകക്ഷി സഹകരണം വിശകലനം ചെയ്യാനും പ്രാദേശിക ആഗോള പ്രതിസന്ധികളിലെ കാഴ്ചപ്പാടുകൾ പങ്കുവെക്കാനും ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു.
ഇന്ത്യയിലേക്കുള്ള എണ്ണയുടെയും ആയുധങ്ങളുടെയും പ്രധാന വിതരണക്കാർ റഷ്യയാണ്. പാശ്ചാത്യ രാജ്യങ്ങൾ ചൈനയ്ക്കും അവരുടെ ഏഷ്യയിലെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിനുമെതിരായ നീക്കമെന്ന നിലയിൽ ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്തുന്നുണ്ട്. ഒപ്പം തന്നെ റഷ്യയുമായി അകലം പാലിക്കാനും ആവശ്യമുയരുന്നുണ്ട്.
2019 ലാണ് മോദി അവസാനമായി റഷ്യ സന്ദർശിച്ചത്. രണ്ട് വർഷത്തിന് ശേഷം, യുക്രൈനെതിരെ നീക്കം ആരംഭിക്കുന്നതിന് ആഴ്ചകൾക്ക് മുമ്പ് 2021 ൽ പുടിൻ ഇന്ത്യയിലെത്തുകയും ചെയ്തിരുന്നു. ശീതയുദ്ധകാലം മുതൽ തന്നെ ഇന്ത്യയും റഷ്യയും മികച്ച ബന്ധം നിലനിർത്തുന്നുണ്ട്.
റഷ്യൻ എണ്ണയുടെ പ്രധാന ഉപഭോക്താക്കളാണ് ഇന്ത്യ. ഇന്ത്യയുടെ പ്രധാന ആയുധ വിതരണക്കാരെങ്കിലും യുക്രൈൻ യുദ്ധം ആരംഭിച്ചതോടെ റഷ്യയിൽ നിന്നുള്ള ആയുധ വിതരണത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.