ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്‌വയിലുണ്ടായ ഭീകരാക്രമണത്തില്‍ നാലു സൈനികര്‍ക്ക് വീരമൃത്യു. ആറ് സൈനികര്‍ക്ക് പരിക്കേറ്റു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. വൈകുന്നേരമാണ് സൈനിക വാഹനത്തിനുനേരെ ഭീകരാക്രമണമുണ്ടായത്. സൈന്യത്തിന്റെ പട്രോളിങ്ങിനിടെയായിരുന്നു ആക്രമണം. കത്‌വയില്‍നിന്ന് 150 കി.മീറ്റര്‍ അകലെ മച്ചേഡി-കിണ്ട്‌ലി-മല്‍ഹാര്‍ റോഡിലായിരുന്നു സംഭവം. അക്രമികള്‍ സൈനിക വാഹനത്തിനുനേരെ ഗ്രനേഡ് എറിഞ്ഞ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു.
പിന്നാലെ സൈന്യം തിരിച്ചടിച്ചു. ഇതോടെ ഭീകരര്‍ സമീപത്തെ കാട്ടില്‍ ഒളിച്ചതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു. കൂടുതല്‍ സൈന്യം എത്തി ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സൈന്യവും ഭീകരരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണു നടക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ 48 മണിക്കൂറിനിടെ കശ്മീരില്‍ ഇതു രണ്ടാം തവണയാണ് സൈന്യത്തിനുനേരെ ഭീകരാക്രമണമുണ്ടാകുന്നത്. ഞായറാഴ്ച രജൗരിയിലെ സൈനിക ക്യാംപിനുനേരെയുണ്ടായ ആക്രമണത്തില്‍ ഒരു ജവാനു പരിക്കേറ്റിരുന്നു.