ന്യൂഡൽഹി∙ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ട്. അദ്ദേഹം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കു കരുത്തു പകർന്നാണ് ഈ റിപ്പോർട്ട് പ്രചരിക്കുന്നത്. ഈ മാസം 19 മുതൽ 22 വരെ നടക്കുന്ന ഐസിസിയുടെ വാർഷിക യോഗത്തിൽ പുതിയ ചെയർമാനെ തിരഞ്ഞെടുത്തേക്കില്ലെന്നാണ് സൂചന. അങ്ങനെയെങ്കിൽ നവംബറിലാകും പുതിയ ചെയർമാന്റെ തിരഞ്ഞെടുപ്പ്.
ന്യൂസീലൻഡുകാരനായ ഗ്രെഗ് ബാർക്ലെയാണ് കഴിഞ്ഞ നാലു വർഷമായി ഐസിസി ചെയർമാൻ. ജയ് ഷാ ഉൾപ്പെടെയുള്ളവരുടെ പിന്തുണയോടെയാണ് ബാർക്ലേ ചെയർമാൻ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന് ഒരു ടേമിലേക്കു കൂടി തുടരാൻ അർഹതയുണ്ടെങ്കിലും, ജയ് ഷാ മത്സരിക്കാൻ തീരുമാനിച്ചാൽ പിൻമാറാനാണ് സാധ്യത.
ചെയർമാന്റെ കാലാവധി രണ്ടു വർഷമുള്ള മൂന്നു ടേം എന്ന രീതി മാറ്റി, മൂന്നു വർഷം വീതമുള്ള രണ്ടു ടേമുകളാക്കാൻ ഐസിസി തീരുമാനിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. അങ്ങനെയെങ്കിൽ ജയ് ഷായ്ക്ക് മൂന്നു വർഷം ഐസിസി തലപ്പത്തു തുടരാം. മാത്രമല്ല, കാലാവധി പൂർത്തിയാകുന്ന 2028ൽ ബിസിസിഐ പ്രസിഡന്റാകാനും സാധ്യതയുണ്ട്.ജയ് ഷാ ഐസിസി തലപ്പത്തേക്ക് എത്തിയാൽ സംഘടനയുടെ ആസ്ഥാനം ദുബായിൽനിന്ന് മുംബൈയിലേക്ക് മാറ്റിയേക്കുമെന്ന് ചില രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.