ട്വന്‍റി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബി.സി.സി.ഐ പ്രഖ്യാപിച്ച 125 കോടി രൂപയുടെ ബംപര്‍ സമ്മാനതുക വാര്‍ത്തകളിലിടം നേടിയിരുന്നു. എന്നാൽ ഇതിനേക്കാൾ മൂല്യമേറിയ വാക്കുകളിലൂടെ കയ്യടി നേടുകയാണ് സ്ഥാനമൊഴിയുന്ന ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. മറ്റു സപ്പോർട്ടിങ് സ്റ്റാഫിനെപ്പോലെ തന്നെ പരിഗണിച്ചാല്‍ മതിയെന്ന് ബി.സി.സി.ഐയോട് ആവശ്യപ്പെട്ട ദ്രാവിഡ് വേണ്ടെന്ന് വച്ചത് രണ്ടരക്കോടി രൂപയാണ്. ടീമിലെ മറ്റു സപ്പോർട്ടിങ് സ്റ്റാഫിന് ലഭിക്കുന്നതിന് തുല്യമായ 2.50 കോടി രൂപ തന്നെ തനിക്കും മതിയെന്നാണ് രാഹുൽ ദ്രാവിഡിൻറെ നിലപാട്.
ലോകകപ്പ് കളിച്ച ഇന്ത്യൻ താരങ്ങൾക്ക് നൽകുന്ന 5 കോടി രൂപ തന്നെ ദ്രാവിഡിനും നൽകാനായിരുന്നു ബി.സി.സി.ഐ തീരുമാനം. എന്നാൽ സപ്പോർട്ടിങ് സ്റ്റാഫിന് നൽകുന്ന തുക തന്നെ തനിക്കും മതിയെന്നാണ് രാഹുൽ ദ്രാവിഡ് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചതായി ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തു. ബൗളിങ് കോച്ച് പരാസ് മാംബ്രെ, ഫിൽഡിങ് കോച്ച് ടി. ദിലിപ്, ബാറ്റിങ് കോച്ച് വിക്രം റാത്തോർ എന്നിവർക്ക് 2.50 കോടി രൂപയാണ് ബി.സി.സി.ഐ നൽകുന്ന പാരിതോഷികം. ഇത്രയും തുക തന്നെ തനിക്കും മതിയെന്നാണ് ദ്രാവിഡിന്‍റെ നിലപാട്. 15 അംഗ ടീമിനും ദ്രാവിഡിനും 5 കോടി രൂപ വീതവും സപ്പോർട്ടിങ് സ്റ്റാഫിന് 2.50 കോടി രൂപ വീതവും സെലക്ടർമാർക്കും ട്രാവലിങ് മെമ്പേഴ്സിനും 1 കോടി രൂപ വീതവും എന്നിങ്ങനെയായിരുന്നു തുകയുടെ വിന്യാസം.