ന്യൂഡൽഹി: നീറ്റ് ചോദ്യ പേപ്പർ ചോർച്ച കേസിലെ സുപ്രധാന പ്രതിയെന്ന് കരുതുന്ന റോക്കി എന്ന രാകേഷ് രഞ്ജനെ സിബിഐ അറസ്റ്റ് ചെയ്തു. രഞ്ജനെ പത്ത് ദിവസത്തേക്ക് കസ്റ്റഡിയിലെടുത്തതായും സിബിഐ വൃത്തങ്ങൾ പറഞ്ഞു. ബിഹാറിലെ പട്‌നയിലും പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലും സിബിഐ മിന്നൽ റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
കഴിഞ്ഞയാഴ്ച്ച പട്‌നയിൽ ഒരു വിദ്യാർത്ഥിയെ സിബിഐ അറസ്റ്റ് ചെയ്ത് മൊഴിയെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് റോക്കി ഉൾപ്പെടെ എട്ട് പേരെയാണ് സിബിഐ ഇത് വരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. രാജ്യത്തുടനീളമുള്ള പരീക്ഷ ചോദ്യപേപ്പർ റാക്കറ്റിനെക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ സംഘം ഇതുവരെ ആറ് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നീറ്റ് പേപ്പർ ചോർച്ചയുടെ ഉത്ഭവം ഹസാരിബാഗ് സ്കൂളിൽ നിന്നാകാമെന്ന് ബുധനാഴ്ച സിബിഐ വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അവിടെ നിന്ന് ചോർന്ന പേപ്പറുകൾ ബിഹാറിലേക്കും എത്തിയതായി സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു.
ഏകദേശം 24 ലക്ഷം വിദ്യാർത്ഥികളാണ് മെയ് 5 ന് രാജ്യത്ത് നീറ്റ് പരീക്ഷ എഴുതിയത്. ഒരു കോച്ചിംഗ് സെൻ്ററിൽ നിന്ന് ആറ് പേർ ഉൾപ്പെടെ 67 വിദ്യാർത്ഥികൾ 720 മാർക്ക് നേടിയതും ആയിരത്തിലധികം പേർ ഗ്രേസ് മാർക്ക് ആനുകൂല്യം വാങ്ങിയതുമാണ് ആദ്യം സംശയത്തിനിടയാക്കിയത്. കടുത്ത പ്രതിഷേധത്തിനൊടുവിൽ നടത്തിയ അന്വേഷണത്തിൽ പിന്നീട് പരീക്ഷാ ചോദ്യ പേപ്പർ ചോർന്നതായി പരീക്ഷാ ബോർഡും കേന്ദ്രസർക്കാരും സ്ഥിരീകരിച്ചിരുന്നു.