പത്തനംതിട്ട: വിവാദത്തിനിടെ വീണ്ടും വെട്ടിലായി സിപിഐഎം. പത്തനംതിട്ട ജില്ലാ നേതൃത്വം സിപിഐ എമ്മിലേക്ക് സ്വീകരിച്ചവരില്‍ വധശ്രമക്കേസില്‍ ഒളിവിലുള്ള പ്രതിയും ഉള്‍പ്പെട്ടതോടെ പ്രതിരോധത്തിലായിരിക്കുകയാണ് പാർട്ടി. പത്തനംതിട്ട കുമ്പഴ സ്വദേശി സുധീഷിനെയാണ് കഴിഞ്ഞ വെള്ളിയാഴ്ച കുമ്പഴയില്‍ നടത്തിയ പരിപാടിയില്‍ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. സുധീഷ് ഒളിവില്‍ ആണെന്നാണ് പൊലീസ് വിശദീകരണം.
2023 നവംബര്‍ 20ന് പത്തനംതിട്ട മേലെവെട്ടിപ്പുറത്ത് കാറില്‍ എത്തിയ രണ്ട് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചതിന് കുമ്പഴ സ്വദേശി സുധീഷ് ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. സിപിഐഎം സ്വീകരിച്ച കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രനാണ് കേസില്‍ ഒന്നാം പ്രതി. നാലാം പ്രതിയാണ് സുധീഷ്. സുധീഷിനെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. സുധീഷ് എറണാകുളത്തേക്ക് കടന്നു കളഞ്ഞു എന്നാണ് പൊലീസിന് വിവരം ലഭിച്ചിരുന്നത്. സുധീഷ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇതേ സുധീഷിനെ കഴിഞ്ഞ വെള്ളിയാഴ്ച കുമ്പഴയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സിപിഐഎമ്മിലേക്ക് സ്വീകരിച്ചിരുന്നു.
ശരണ്‍ ചന്ദ്രനും സുധീഷും ഉള്‍പ്പെടെ 62 പേരെയാണ് സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ,മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ സാന്നിധ്യത്തില്‍ സിപിഐഎമ്മിലേക്ക് സ്വീകരിച്ചത്. സിപിഐഎമ്മിലേക്ക് ചേര്‍ന്നവരുടെ പേരിലുളള കേസുകള്‍ ഇല്ലാതാക്കാമെന്ന് സിപിഐഎം ജില്ലാ നേതൃത്വം അറിയിച്ചതിനേത്തുടര്‍ന്നാണ് ശരണ്‍ ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ സിപിഐഎമ്മിലേക്ക് ചേര്‍ന്നതെന്ന് ബിജെപി ജില്ലാ നേതൃത്വം ആരോപിച്ചിരുന്നു. സിപിഐഎം സ്വീകരിച്ച മലയാലപ്പുഴ സ്വദേശി യദുകൃഷ്ണന്‍ കഞ്ചാവ് കേസില്‍ പ്രതിയായതും സിപിഐഎമ്മിന് ക്ഷീണമായിരുന്നു.