ന്യൂഡല്‍ഹി: ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനിക്കെതിരായ നടത്തുന്ന ആക്രമണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജയവും പരാജയവും ജീവിതത്തില്‍ ഉണ്ടാവും. അവഹേളിക്കല്‍ ഭീരുക്കളുടെ ലക്ഷണമാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
‘ജീവിതത്തില്‍ ജയവും പരാജയവും ഉണ്ടാവും. അതില്‍ സ്മൃതി ഇറാനിയെയും മറ്റേതൊരു നേതാവിനെയും അധിക്ഷേപിക്കുന്നതില്‍ നിന്നും പിന്‍വാങ്ങണം. ആളുകളെ അധിക്ഷേപിക്കുന്നത് ദുര്‍ബലതയുടെ ലക്ഷണമാണ്. കരുത്തരുടേതല്ല’, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
അമേഠി ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ കിശോരി ലാല്‍ ശര്‍മ്മയോട് ഒന്നരലക്ഷത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെട്ട സ്മൃതി ഇറാനിക്കെതിരെ സോഷ്യല്‍മീഡിയയില്‍ വലിയതോതില്‍ ആക്രമണം നടന്നിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ് എന്നാണ് വിലയിരുത്തല്‍. വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കട തുറക്കണം എന്ന് നിരന്തരം ആഹ്വാനം ചെയ്ത രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിന് ഇതിനകം മികച്ച പ്രതികരണമാണ് വരുന്നത്.