ദില്ലി: ഭരണ ഘടന ഉയർത്തിയുള്ള കോൺഗ്രസിന്‍റെയും പ്രതിപക്ഷത്തിന്‍റെയും പോരാട്ടത്തിന് കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാരിന്‍റെ തിരിച്ചടി. ഇന്ദിരാഗാന്ധി 1975 ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് മുൻ നിർത്തിയുള്ള കടന്നാക്രമണമാണ് മോദി സർക്കാർ നടത്തിയിരിക്കുന്നത്. 1975 ൽ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 -ാം തിയതി ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ജൂൺ 25 – ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വിജ്ഞാപനം ഇറക്കുകയും ചെയ്തിട്ടുണ്ട് കേന്ദ്രം.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 ജൂൺ 25 നാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥയിൽ മനുഷ്യത്വ രഹിതമായ നടപടികളുടെ വേദനകൾ സഹിച്ചവരുടെ സംഭാവനകൾ ഈ ദിനം അനുസ്മരിക്കുമെന്ന് തീരുമാനം അറിയിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സമൂഹ മാധ്യമമായ എക്സിൽ കുറിപ്പും പങ്കുവച്ചിട്ടുണ്ട്.
അതേസമയം നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. മാധ്യമങ്ങളിൽ തലക്കെട്ട് സൃഷ്ടിക്കാനുള്ള കപട നീക്കമാണ് ബി ജെ പി നടത്തുന്നതെന്നാണ് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് എക്സിൽ കുറിച്ചത്. പത്ത് വർഷം രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ പ്രധാനമന്ത്രിയുടെ കാപട്യമാണ് ഇതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.