ബത്തേരി : കേരളത്തിലെ സർക്കാർ ജനങ്ങളിൽനിന്ന് അകന്നുപോയെന്നു കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. കെപിസിസി ക്യാംപ് എക്സിക്യൂട്ടീവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യത്തിന്റെ ഉത്തരവാദി ആരാണെന്ന് കോർപറേഷനും റെയിൽവേയും തർക്കിക്കുകയാണ്. ജനപക്ഷത്തുനിന്നു കോൺഗ്രസ് പോരാട്ടം നയിക്കണം. കേരളത്തിൽ ബിജെപി വളർച്ച ഉണ്ടാക്കിയെന്നൊന്നും കരുതേണ്ട. ഇതൊരു താൽക്കാലിക പ്രതിഭാസമാണ്, അത് മാറ്റണം.
നേതാക്കൾക്കു വ്യക്തിപരമായ താൽപര്യമുണ്ടാകാം. കോൺഗ്രസുകാരെല്ലാം നല്ലവരാണ് എന്നാൽ അവർ തമ്മിൽ അടിയാണെന്നു ജനങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്. അങ്ങനെയുള്ളവർക്കു പുറത്തുപോകാം. പാർട്ടിയുടെ വിജയങ്ങൾ കൂടി ചർച്ച ചെയ്യണം. ആ വിജയത്തിന്റെ രാഷ്ട്രീയം ചർച്ചയാകണം. കേരളത്തിൽ 2 സീറ്റിൽ തോറ്റതും ചർച്ച ചെയ്യണം. ഓരോ മാസവും ചെയ്യേണ്ട മാർഗരേഖ തയാറാക്കണം. ഭരണഘടന നിലനിൽക്കുമോ എന്ന ചോദ്യം ഉയർന്നു. ഭീതിജനകമായ സാഹചര്യത്തിൽ നടന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്.
കോൺഗ്രസിനെ ഉന്നം വച്ചായിരുന്നു തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് കമ്മിഷൻ പോലും അവർക്കൊപ്പമായിരുന്നു. രാഹുൽ ഗാന്ധിക്ക് അയോഗ്യത കൽപിച്ച കോടതിവിധി പോലും ആ കൂട്ടത്തത്തിൽ പെടുത്തേണ്ടി വരും. ഒടുവിൽ സുപ്രീം കോടതിയാണു കേസിൽ ഇടപെട്ടത്. മാനനഷ്ടക്കേസിൽ 2 വർഷം ശിക്ഷ എന്നത് അപൂർവമാണ്. ഗുജറാത്തിലെ 3 കോടതികളും രാഹുലിനെതിരെ വിധിച്ചു. 2 വർഷം ശിക്ഷിച്ചാലേ അയോഗ്യനാക്കാനാകൂ. അതാണു ഗുജറാത്തിലെ കോടതി ചെയ്തത്. ചില ഭീരുക്കൾ ഇതിനിടെ പാർട്ടി വിട്ടുപോയി. ആദായനികുതി റിട്ടേൺ വൈകിയെന്നു പറഞ്ഞു കോൺഗ്രസിന്റെ പണം മുഴുവൻ തടഞ്ഞുവച്ചെന്നും വേണുഗോപാൽ പറഞ്ഞു.