തിമ്പു (ഭൂട്ടാന്‍): ഭൂട്ടാനിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ദി ഡ്രക് ഗ്യാൽപോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്കിൽ നിന്ന് പ്രധാനമന്ത്രി ബഹുമതി ഏറ്റുവാങ്ങി. ഇന്ത്യൻ പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദി ഇന്ത്യ – ഭൂട്ടാൻ ബന്ധത്തിന്റെ വളർച്ചയ്ക്കുവഹിച്ച പങ്കും ഭൂട്ടാൻ രാഷ്ട്രത്തിനും ജനങ്ങൾക്കും നൽകിയ മികച്ച സംഭാവനകളും പരിഗണിച്ചാണ് ബഹുമതി സമ്മാനിച്ചത്.
ഭൂട്ടാൻ്റെ പരമോന്നത സിവിലിയൻ ബഹുമതി ലഭിക്കുന്ന ആദ്യത്തെ വിദേശിയാണ് നരേന്ദ്ര മോദി. 2021 ഡിസംബർ 17 ന് നടന്ന ഭൂട്ടാന്റെ 114-ാമത് ദേശീയ ദിനാഘോഷ വേളയിൽ പ്രഖ്യാപിച്ച പുരസ്കാരം വെള്ളിയാഴ്ച തൻ്റെ ദ്വിദിന ഭൂട്ടാൻ സന്ദർശനത്തിനിടെ അദ്ദേഹം ഏറ്റുവാങ്ങി. ബഹുമതി 140 കോടി ഇന്ത്യക്കാർക്ക് സമർപ്പിക്കുന്നതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു.