ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോളയിൽ ഉരുൾപൊട്ടലിൽ ഏഴു പേർ മരണപ്പെട്ടു. പതിനഞ്ചോളം പേരെ കാണാനില്ല. അങ്കോളയിലെ ഷിരൂർ ഗ്രാമത്തിന് സമീപം ചൊവ്വാഴ്ചയാണ് കനത്ത മഴയും ഉരുൾപൊട്ടലും അനുഭവപ്പെട്ടത്. രണ്ടു വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണതാണ് വൻ ദുരന്തത്തിന് കാരണം.
ഉരുൾ പൊട്ടലിൽ 15 പേർ കുടുങ്ങി കിടക്കുന്നതായും പൊലീസ് അറിയിച്ചു. സമീപത്തെ ഗംഗാവലി നദി കരകവിഞ്ഞൊഴുകുന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ഉരുൾ പൊട്ടലിൽ രണ്ട് വാട്ടർ ടാങ്കറുകളും ഗംഗാവലി നദിയിൽ ഒലിച്ചു പോയി. ഇരുൾ പൊട്ടലിൽ കൂടുതൽ പേർ മരണപ്പെട്ടെന്നാണ് സൂചന.
അപകടത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായും റിപ്പോട്ടുകൾ പ്രകാരം 10-15 പേർ ഗംഗാവലി നദിയിൽ വീഴാൻ സാധ്യതയുണ്ടെന്നും കാർവാർ എംഎൽഎ സതീഷ് സെയിൽ അറിയിച്ചു. സംസ്ഥാനത്ത് തിങ്കളാഴ്ച രാത്രി മുതൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. നിരവധി സ്ഥലങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായി. ഉരുൾപൊട്ടലിനെ തുടർന്ന് ഗതാഗത തടസവും സംസ്ഥാനത്ത് നേരിടുന്നുണ്ട്.