ഡൽഹി: ഓൺലൈനിൽ ഓർഡർ ചെയ്ത് എന്തും വീട്ടിലെത്തുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. മലയാളികളുടെ ശീലത്തിലും ഓൺലൈൻ ജീവിതം വലിയ സ്വാധീനമാണ് ചെലുത്തുന്നത്. മദ്യമൊഴികെ ഏറെക്കുറെ എല്ലാം വീട്ടിലെത്താറുണ്ട്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്ത മദ്യവും വൈകാതെ വീട്ടിലെത്തിയേക്കുമെന്നാണ്. ഫുഡ് ഡെലിവറി കമ്പനികളായ സ്വിഗ്ഗി, സൊമാറ്റോ, ബിഗ്ബാസ്‌ക്കറ്റ് തുടങ്ങിയവയാണ് മദ്യവും ഓൺലൈനായി എത്തിക്കാൻ ശ്രമം നടത്തുന്നത്. കേരളമടക്കം 7 സംസ്ഥാനങ്ങളിൽ ഓൺലൈൻ ഡെലിവറിയില്‍ മദ്യം ഉള്‍പ്പെടുത്താന്‍ ഈ വമ്പൻ കമ്പനികൾ നീക്കം നടത്തുന്നതായി എക്കണോമിക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്‌ത്.
നിലവില്‍ ഒഡീഷയിലും പശ്ചിമ ബംഗാളിലും മദ്യം ഹോം ഡെലിവറി ചെയ്യുന്നുണ്ട്. ഇതിലൂടെ വില്‍പ്പനയില്‍ 30 ശതമാനം വരെ വര്‍ധനവുണ്ടെന്നാണ് റിപ്പോർട്ട്. ഈ പാത പിന്തുടർന്നാണ് കേരളമടക്കം 7 സംസ്ഥാനങ്ങളിലും ഈ നീക്കം നടക്കുന്നത്. കേരളത്തിന് പുറമെ ഡല്‍ഹി, കര്‍ണാടക, ഹരിയാന, പഞ്ചാബ്, തമിഴ്നാട്, ഗോവ സംസ്ഥാനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പൈലറ്റ് പ്രോജക്ടുകള്‍ തുടങ്ങിയാതായും എക്കണോമിക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയിൽ ബിയര്‍, വൈന്‍ തുടങ്ങിയ ലഹരി കുറഞ്ഞ ആല്‍ക്കഹോള്‍ ഉല്‍പ്പന്നങ്ങളുടെ ഡെലിവറിക്കുള്ള നീക്കമാണ് നടക്കുന്നത്. നീക്കം യാഥാർത്ഥ്യമായാൽ ബിവറേജിലെ നീണ്ട ‘ക്യൂ’ അവസാനിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.