ഫ്രഞ്ച് താരങ്ങൾക്കെതിരായ വംശീയ ചാന്റിൽ മാപ്പപേക്ഷിച്ച് അർജന്റീന മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ്. കോപ അമേരിക്കയിൽ കിരീടം നേടിയതിന് പിന്നാലെയുണ്ടായ അർജന്റീന താരങ്ങളുടെ പ്രവൃത്തി വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെക്കപ്പെട്ട വിഡിയോയുടെ പേരിൽ ആത്മാർഥമായി ക്ഷമ ചോദിക്കുകയാണ്. ഏറ്റവും മോശം ഭാഷയാണ് പങ്കുവെക്കപ്പെട്ട വിഡിയോയിലെ പാട്ടിലുള്ളത്. താൻ എല്ലാതരം വിവേചനങ്ങൾക്കും എതിരാണ്. വിഡിയോയിലെ വാക്കുകൾ തന്റെ വിശ്വാസത്തേയോ വ്യക്തിത്വത്തെയോ പ്രകടമാക്കുന്നില്ലെന്നും വിഷയത്തിൽ ആത്മാർഥമായി ക്ഷമ ചോദിക്കുകയാണെന്നും എൻസോ പറഞ്ഞു.
ഫ്രാൻസ് ടീമിലെ ആഫ്രിക്കൻ വംശജർക്കെതിരെയാണ് വംശീയ അധിക്ഷേപം അർജന്റീന താരങ്ങൾ നടത്തിയത്. അവർ ഫ്രാൻസിനായി കളിക്കുന്നു. എന്നാൽ അവരുടെ മാതാപിതാക്കൾ അംഗോളയിൽ നിന്നുള്ളവരാണ്. അവരുടെ അമ്മ കാമറൂണിൽ നിന്നും പിതാവ് നൈജീരിയയിൽ നിന്നുമാണ്. പക്ഷേ അവരുടെ പാസ്പോർട്ട് അവർ ഫ്രഞ്ച് കാരാണെന്ന് പറയുന്നു, എന്നിങ്ങനെയായിരുന്നു അർജന്റീന താരങ്ങളുടെ വംശീയ അധിക്ഷേപം.ഇതുമായി ബന്ധപ്പെട്ട വിഡിയോ പുറത്ത് വന്നതോടെ അർജന്റീനക്കെതിരെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. തുടർന്നാണ് ഇക്കാര്യത്തിൽ മാപ്പപേക്ഷയുമായി എൻസോ എത്തിയത്