ന്യൂഡൽഹി : മൂന്നുതവണ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അരവിന്ദ് കേജ്‌രിവാളിനെ അധികാരത്തിന്റെ അഹങ്കാരത്തിലാണ് നരേന്ദ്ര മോദി അറസ്റ്റ് ചെയ്തതെന്ന് അരവിന്ദ് കേജ്‌രിവാളിന്റെ ഭാര്യ സുനിത കേജ്‌രിവാൾ. സമൂഹമാധ്യമമായ എക്സിലൂടെയാണ് സുനിതയുടെ പ്രതികരണം. ‘മൂന്നുതവണ നിങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയെ അധികാരത്തിന്റെ അഹങ്കാരത്തിലാണ് മോദി അറസ്റ്റ് ചെയ്തത്. നരേന്ദ്ര മോദി എല്ലാവരെയും തകർക്കാൻ ശ്രമിക്കുകയാണ്. ഇത് ഡൽഹിയിലെ ജനങ്ങളോടുള്ള വഞ്ചനയാണ്. നിങ്ങളുടെ മുഖ്യമന്ത്രി എപ്പോഴും നിങ്ങൾക്കൊപ്പം നിന്നിട്ടുണ്ട്. അകത്തായാലും പുറത്തായാലും അദ്ദേഹത്തിന്റെ ജീവിതം രാജ്യത്തിനുവേണ്ടി സമർപ്പിക്കപ്പെട്ടതാണ്. പൊതുസമൂഹത്തിന് എല്ലാം അറിയാം, ജയ്ഹിന്ദ് ’ എന്നാണ് സുനിത കേജ്‌രിവാൾ പ്രതികരിച്ചത്.