ദുബായ് : ഗൾഫ് രാജ്യങ്ങളുടെ ചരിത്രത്തിൽ ആദ്യമായി ശമ്പളത്തിനു നികുതി ഏർപ്പെടുത്താൻ ഒരുങ്ങി ഒമാൻ. അടുത്ത വർഷം ഇൻകം ടാക്സ് ഏർപ്പെടുത്താനാണ് നീക്കം. 2020ൽ നിയമത്തിന്റെ കരട് തയാറായിരുന്നു. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ശൂറ കൗൺസിൽ കരട് നിയമം സ്റ്റേറ്റ് കൗൺസിലിനു കൈമാറി. ഭരണകൂടത്തിന്റെ അന്തിമ അനുമതി ലഭിക്കുന്നതിനു പിന്നാലെ 2025ൽ നികുതി ഏർപ്പെടുത്താനാണ് നീക്കം. ഭാവിയിൽ മറ്റു ഗൾഫ് രാജ്യങ്ങളിലും ആദായ നികുതി വന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന സൂചന.
ഒമാൻ മാതൃക മറ്റു രാജ്യങ്ങളും പിന്തുടർന്നേക്കും. വരുമാനത്തിനു നികുതി ഇല്ലെന്നതാണ് പാശ്ചാത്യനാടുകളിൽ നിന്ന് ഗൾഫ് രാജ്യങ്ങളെ വേറിട്ടു നിർത്തുന്നത്. ഇവിടെ ലഭിക്കുന്ന ശമ്പളം അത്രയും നികുതി നൽകാതെ ഉപയോഗിക്കാം. അതേസമയം, ഇന്ധന വരുമാനത്തിനപ്പുറത്തേക്ക് വരുമാന സ്രോതസ്സുകൾ വികസിപ്പിക്കണമെന്നു രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങൾ യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളെ വർഷങ്ങളായി ഉപദേശിക്കുന്നുണ്ട്.