കൊച്ചി : എംജി, കേരള, മലയാളം സർവകലാശാലകളിൽ വൈസ് ചാൻസലറെ നിയോഗിക്കാൻ ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റി ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് സ്റ്റേ. ബന്ധപ്പെട്ട കക്ഷികൾക്ക് തങ്ങളുടെ മറുപടി ഇതിനിടയിൽ സമർപ്പിക്കാമെന്നും കോടതി അറിയിച്ചു. നേരത്തെ കുഫോസ് വിസിയെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിയെയും ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എംജി സർവകലാശാല, കേരള സർവകലാശാല എന്നിവയ്ക്കു വേണ്ടി സെനറ്റ് കമ്മിറ്റി അംഗങ്ങളും തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സര്‍വകലാശാലയ്ക്കു വേണ്ടി സർക്കാരുമാണ് ഗവര്‍ണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ കോടതിയെ സമീപിച്ചത്. കുഫോസിലെ സെർച്ച് കമ്മിറ്റി സ്റ്റേ ചെയ്ത അതേ വിധത്തിലാണ് മൂന്നു സർവകലാശാലകളിലും ഗവർണര്‍ രൂപീകരിച്ച സെർച്ച് കമ്മിറ്റി കോടതി ഇന്ന് സ്റ്റേ ചെയ്തത്.
ഗവർണർ, സെനറ്റ്, യുജിസി എന്നിവരുടെ പ്രതിനിധികള്‍ അടങ്ങുന്നതായിരിക്കണം സെര്‍ച്ച് കമ്മിറ്റി എന്ന നിലയിൽ കേരള നിയമസഭ സര്‍വകലാശാല നിയമം ഭേദഗതി ചെയ്ത് ബിൽ പാസാക്കുകയും ഇത് ഗവർണറുടെ പരിഗണനയ്ക്ക് അയയ്ക്കുകയും ചെയ്തു. ഇക്കാര്യത്തിൽ അനുമതി തരികയോ വിശദീകരണം തേടുകയോ ചെയ്യുന്നതിനു പകരം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയാണ് ഗവർണർ ചെയ്തത് എന്ന് എംജി സര്‍വകലാശാല സെനറ്റ് അംഗങ്ങൾ സമർപ്പിച്ച ഹർജിയിൽ പറയുന്നു.