ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ ആദ്യ ബജറ്റ് സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ആദായ നികുതിയില്‍ ഇളവ് നല്‍കുന്ന പ്രഖ്യാപനം ബജറ്റിൽ ഉണ്ടായേക്കുമെന്നാണ് സൂചന. രാജ്യത്തെ സാധാരണക്കാരെയും പാവപ്പെട്ടവരെയും പരിഗണിക്കാതെയാണെന്ന് ബജറ്റ് തയാറാക്കിയതെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിക്കഴിഞ്ഞിട്ടുണ്ട്.
നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി എത്തിയതിനുശേഷമുള്ള ആദ്യ ബജറ്റാണ് ജൂലൈ 23ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുക. തുടർച്ചയായി ഏഴാമത്തെ ബജറ്റാണ് നിർമല അവതരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായേകുമെന്നാണ് സൂചന. ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും പ്രഖ്യാപനങ്ങൾ ഉണ്ടാകും.