ന്യൂയോര്‍ക്ക്: ഗാസയില്‍ അടിയന്തരവും സുസ്ഥിരവുമായ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന കരട് പ്രമേയം ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ അവതരിപ്പിക്കാനൊരുങ്ങി യു എസ്. അഞ്ച് മാസമായി തുടരുന്ന ഇസ്രായേലിന്റെ ഗാസ ആക്രമണം താത്ക്കാലികമായി നിര്‍ത്താനുള്ള സമ്മര്‍ദ്ദമാണ് യുഎസ് ഉയര്‍ത്തുന്നതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങള്‍ വര്‍ധിപ്പിക്കാനും ബന്ദികളാക്കിയവരെ ഹമാസ് മോചിപ്പിക്കാനും വെടിനിര്‍ത്തല്‍ സഹായിക്കുമെന്ന പ്രതീക്ഷയില്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ മേഖലയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് കരട് പ്രമേയം വരുന്നത്.
സുരക്ഷാ കൗണ്‍സില്‍ ചര്‍ച്ച പ്രതീകാത്മകമായാലും വാഷിംഗ്ടണും ഇസ്രായേലും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെയാണ് പുതിയ നീക്കം അടയാളപ്പെടുത്തുന്നത്.
ഉടനടി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന ബൈഡന്‍ ഭരണകൂടവും ഇസ്രായേല്‍ ഭരണകൂടവും തമ്മിലുള്ള അകല്‍ച്ചയ്ക്ക് നേരത്തെയും യു എസിന്റെ നിര്‍ദ്ദേശങ്ങള്‍ കാരണമായിട്ടുണ്ട്.
താത്ക്കാലിക വെടി നിര്‍ത്തല്‍ നടത്തിയാല്‍ ഹമാസ് ബന്ദികളെ മോചിപ്പിക്കുമെന്ന യു എസ് കരടിലെ വാക്കുകള്‍ റഷ്യയോ യു എന്‍ രക്ഷാസമിതിയിലെ മറ്റ് സ്ഥിരാംഗങ്ങളോ വീറ്റോ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് നയതന്ത്രജ്ഞര്‍ പറയുന്നു. ഇസ്രായേലിനെ സംരക്ഷിക്കാന്‍ പരമ്പരാഗതമായി സുരക്ഷാ കൗണ്‍സിലില്‍ യു എസാണ് വീറ്റോ അധികാരം ഉപയോഗിച്ചിരുന്നത്.
ബന്ദി ഇടപാടിന്റെ ഭാഗമായി ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് നടക്കുന്ന നയതന്ത്ര ശ്രമങ്ങളെ പ്രമേയം പിന്തുണയ്ക്കുമെന്ന് യു എന്നിലെ യു എസ് ദൗത്യത്തിന്റെ വക്താവ് നഥാന്‍ ഇവാന്‍സ് പറഞ്ഞു.
പലപ്പോഴും യു എസിന് വിരുദ്ധമായി വോട്ട് ചെയ്യുന്ന റഷ്യ, ഒക്ടോബര്‍ അവസാനത്തില്‍ ഹമാസിന്റെ ഒക്ടോബര്‍ 7-ലെ ആക്രമണത്തെയും ഗാസയിലെ സിവിലിയന്‍മാര്‍ക്കെതിരായ ഇസ്രായേലിന്റെ ”വിവേചനരഹിതമായ ആക്രമണങ്ങളെയും” അപലപിക്കുന്ന സ്വന്തം വെടിനിര്‍ത്തല്‍ പ്രമേയം അവതരിപ്പിച്ചു. യു എസ് ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ പ്രസ്തുത പ്രമേയം വീറ്റോ ചെയ്യുകയായിരുന്നു.