തിരുവനന്തപുരം: മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. മന്ത്രി മലപ്പുറത്തെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാൻ തീരുമാനിച്ചു. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
മലപ്പുറം സ്വദേശിയായ 14കാരനാണ് നിപ സംശയിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. സ്രവ സാമ്പിൾ പരിശോധനക്കായി പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണ് അധികൃതർ. എങ്കിലും നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, മലപ്പുറം, കോഴിക്കോട് ജില്ല കലക്ടര്‍മാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍, നിപ ഏകാരോഗ്യ കേന്ദ്രം നോഡല്‍ ഓഫീസര്‍, സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍, മലപ്പുറം, കോഴിക്കോട് ഡി.എം.ഒ.മാര്‍, ഡി.പി.എം.മാര്‍, ജില്ല സര്‍വൈലന്‍സ് ഓഫീസര്‍മാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.പെരിന്തൽമണ്ണ സ്വദേശിയായ 14കാരനാണ് നിപ സംശയത്തിൽ ചികിത്സയിലുള്ളത്. ആദ്യം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിക്കുകയായിരുന്നു.