ബെംഗളൂരു: അങ്കോളയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനത്തിൽ പ്രതികരിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. സംവിധാനത്തിന് ഒരു രീതിയുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. അതിനകത്ത് ‘ഇമോഷന്‍’ എന്ന് പറയുന്നതിന്റെ പ്രഷർ അവരുടെ മുകളില്‍ അഗാധമായി വീണാല്‍ ഫലപ്രദമായ പ്രവര്‍ത്തനം എന്ന് പറയുന്നത് സമ്മര്‍ദ്ദത്തിലായിപോകുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
ഇടിഞ്ഞ് വീഴാന്‍ നില്‍ക്കുന്ന രണ്ട് മലകള്‍ ഭീതിയുണ്ടാക്കുന്നതാണെന്നും സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ ദിവസത്തെ രക്ഷാപ്രവർത്തനം നേരത്തെ നിറുത്തിവെച്ചതിലും സുരേഷ് ഗോപി പ്രതികരിച്ചു. ദൂരെയിരുന്ന് അഭിപ്രായം പറയുന്നത് ശരിയല്ല. എന്തുകൊണ്ട് എപ്പോള്‍ വീഴ്ച സംഭവിച്ചു തുടങ്ങിയ കാര്യങ്ങള്‍ പിന്നീട് ആലോചിക്കാമെന്നും ഇപ്പോള്‍ അതിനെ പറ്റി ആലോചിക്കാന്‍ സാധിക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. കിട്ടുന്ന ഫോഴ്‌സസിനെ വെച്ച് എത്രയും പെട്ടെന്ന് ഗോള്‍ഡന്‍ അവര്‍ മറ്റൊരുതരത്തിലുള്ള അവറായി മാറാതെ ഫലപ്രദമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്നതിനായുള്ള പിന്തുണ എല്ലാവരും നല്‍കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം കേന്ദ്രസേനയുടെ സഹായം സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പി രാജീവ് റിപ്പോർട്ടറിനോട് പറഞ്ഞു. കർണാടക സർക്കാർ വഴിയാണ് അത് ചെയ്യേണ്ടത്. കർണാടക സർക്കാരിനെ ഈ ഘട്ടത്തിൽ വിമർശിക്കുന്നത് ഉചിതമാകില്ല. അർജുനെ ജീവനോടെ കണ്ടെത്താൻ വേണ്ട ഇടപെടൽ വേണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. കുറവുകളും പ്രശ്നങ്ങളും ശ്രദ്ധയിൽപ്പെട്ടാൽ സർക്കാർ നേരിട്ട് അറിയിക്കും. അതിനപ്പുറത്തേക്ക് പരസ്യമായി കുറ്റപ്പെടുത്തുന്നത് ഈ ഘട്ടത്തിൽ ശരിയല്ലെന്നും പി രാജീവ് വ്യക്തമാക്കി.
തെരച്ചിൽ കാര്യക്ഷമമല്ലെന്ന് അർജുൻ്റെ ബന്ധു ജിതിൻ പറഞ്ഞു. ലോറി ഉടമ മനാഫിനെ പൊലീസ് മർദ്ദിച്ചുവെന്നും ജിതിൻ ആരോപിച്ചു. രണ്ട് ദിവസം വേണമെന്ന് എച്ച്ഡി കുമാരസ്വാമി പറഞ്ഞു. അർജുനായി രണ്ട് ദിവസം കാക്കണോയെന്നും ജിതിൻ ചോദിച്ചു. കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർക്ക് ഒന്നും ചെയ്യാനാകുന്നില്ലെന്നും രക്ഷാപ്രവർത്തനത്തിൽ അലംഭാവം ഉണ്ടെന്നും ജിതിൻ കുറ്റപ്പെടുത്തി.