കർണാടക ഷിരിരൂരിൽ മണ്ണിടിച്ചിൽ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്തണമേയെന്ന പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ് മലയാളികള്‍. ഇതിനിടെ ഇന്നലെ ഷിരൂരിലെ മണ്ണിടിച്ചില്‍ മേഖലയില്‍ ലോറി ഉടമ മനാഫിന് നേരെ കയ്യേറ്റം ഉണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത്ത് ഇസ്രായേലിയെ എത്തിച്ചത് സംബന്ധിച്ച് തര്‍ക്കത്തെ തുടര്‍ന്നാണ് കാര്‍വാര്‍ എസ്.പി മനാഫിന്റെ മുഖത്തടിച്ചതും പിടിച്ചുതള്ളിയതും. ഇതിന് പിന്നാലെ തിരച്ചില്‍ നടക്കുന്നയിടത്ത് നിന്നുള്ള സെല്‍ഫി കാര്‍വാര്‍ എസ്പി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കാര്‍വാര്‍ എസ്പിയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന് താഴെ മലയാളികള്‍ കമന്‍റുകളുമായി എത്തിയിരിക്കുകയാണ്.
മനുഷ്യനാവടാ ആദ്യം, എന്ന് തുടങ്ങി നിരവധി കമന്‍റുകളാണ് ഫോട്ടോയ്ക്ക് താഴെയായി വരുന്നത്. സേവ്അര്‍ജുന്‍ ഹാഷ്ടാഗും ട്രെന്‍ഡിങ്ങായിട്ടുണ്ട്. രാജ്യത്ത് സംഭവിച്ച ദുരിത മുഖങ്ങളില്‍ ജീവന്‍ പണയംവച്ച് എത്തുന്ന രക്ഷാപ്രവര്‍ത്തകനാണ് രഞ്ജിത്ത് ഇസ്രയേല്‍. തിരുവനന്തപുരം വിതുര ഗോകില്‍ എസ്‌റ്റേറ്റില്‍ ജോര്‍ജ് ജോസഫ്-ഐവ ജോര്‍ജ് ദമ്പതികളുടെ മകനാണ് 33കാരനായ രഞ്ജിത്ത്. രാജ്യം നേരിട്ട പല ദേശീയ ദുരന്തങ്ങളിലും രക്ഷാപ്രവര്‍ത്തകനായി ദ്രുതകര്‍മ്മ സേനയ്ക്കൊപ്പം രഞ്ജിത്ത് ഉണ്ടായിരുന്നു. ദുരന്തഭൂമിയില്‍ രക്ഷാദൗത്യവുമായി ആദ്യമെത്തുന്ന സിവിലിയനാണ് രഞ്ജിത്. ഈ രഞ്ജിത്തിനെ എത്തിച്ചതിന്‍റെ പേരിലാണ് ലോറി ഉടമ മനാഫിന് നേരെ കയ്യേറ്റം ഉണ്ടായതും കാര്‍വാര്‍ എസ്.പി മനാഫിന്റെ മുഖത്തടിച്ചതും പിടിച്ചുതള്ളിയതും.