ബീജിങ്: അരുണാചല്‍ പ്രദേശിനെ ഇന്ത്യയുടെ ഭാഗമായി അംഗീകരിച്ച് പ്രസ്താവന ഇറക്കിയ യു എസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ചൈന. യു എസ് നിലപാടുകളെ ശക്തമായി എതിര്‍ക്കുന്നുവെന്നും ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കവുമായി വാഷിംഗ്ടണ്‍ ഡിസിക്ക് യാതൊരു ബന്ധവുമില്ലെന്നും ചൈന പ്രസ്താവനയില്‍ വിശദമാക്കി.
ഭൗമരാഷ്ട്രീയ സ്വാര്‍ഥ താത്പര്യങ്ങള്‍ക്കാണ് ‘മറ്റ് രാജ്യങ്ങളുടെ’ തര്‍ക്കങ്ങളെ യു എസ് ഉപയോഗപ്പെടുത്തുന്നതെന്നും ചൈന കുറ്റപ്പെടുത്തി.
അരുണാചല്‍ പ്രദേശിനെ ഇന്ത്യന്‍ പ്രദേശമായി അമേരിക്ക അംഗീകരിക്കുന്നു എന്ന യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേലിന്റെ പ്രസ്താവന പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ചൈന പ്രതികരിച്ചത്.
യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് കുറുകെയുള്ള നുഴഞ്ഞുകയറ്റങ്ങളിലൂടെയോ കൈയേറ്റങ്ങളിലൂടെയോ സൈനികമോ സിവിലിയന്‍മാരെയോ ഉപയോഗിച്ച് പ്രാദേശിക അവകാശവാദങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ യു എസ് ശക്തമായി എതിര്‍ക്കുന്നുവെന്നാണ് വേദാന്ത് പട്ടേല്‍ പറഞ്ഞത്.
ഇതിനു പിന്നാലെ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ ചൈന ഇതിനെ ശക്തമായി അപലപിക്കുകയും ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞത്.
ചൈന- ഇന്ത്യ അതിര്‍ത്തി ഒരിക്കലും വേര്‍തിരിക്കപ്പെട്ടിട്ടില്ലെന്നും സാങ്‌നാന്‍ (അരുണാചല്‍ പ്രദേശിന്റെ ഔദ്യോഗിക ചൈനീസ് നാമം) ചൈനയുടെ പ്രദേശമാണെന്നും അടിസ്ഥാന വസ്തുത നിഷേധിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്‌നം ഇരു രാജ്യങ്ങളും തമ്മിലുള്ള വിഷയമാണെന്നും യു എസുമായി യാതൊരു ബന്ധവുമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തിന് പിന്നാലെ അരുണാചല്‍ പ്രദേശിന്മേലുള്ള അവകാശവാദം ചൈനീസ് സൈന്യം ആവര്‍ത്തിച്ച് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു യു എസ് ഉദ്യോഗസ്ഥന്‍ പരാമര്‍ശം നടത്തിയത്.
ഷിസാങ്ങിന്റെ തെക്കന്‍ ഭാഗം (ടിബറ്റിന്റെ ചൈനീസ് പേര്) ചൈനയുടെ പ്രദേശത്തില്‍ അന്തര്‍ലീനമായ ഭാഗമാണെന്നും ഇന്ത്യ അനധികൃതമായി സ്ഥാപിച്ച അരുണാചല്‍ പ്രദേശിനെ ബീജിങ് ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്ന് മാത്രമല്ല ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നതായും ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് സീനിയര്‍ കേണല്‍ ഷാങ് സിയാവോങ് പറഞ്ഞു.
അരുണാചല്‍ പ്രദേശിനെ തെക്കന്‍ ടിബറ്റ് എന്ന് അവകാശപ്പെടുന്ന ചൈന തങ്ങളുടെ അവകാശവാദങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനാണ് ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ അരുണാചല്‍ സന്ദര്‍ശിക്കുന്നതിനെ എതിര്‍ക്കുന്നത്.
അരുണാചല്‍ പ്രദേശ് രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് വ്യക്തമാക്കി ചൈനയുടെ പ്രാദേശിക അവകാശവാദങ്ങള്‍ ഇന്ത്യ ആവര്‍ത്തിച്ച് നിരസിച്ചു.
അരുണാചലിന് നല്‍കിയ പേരുകളും ന്യൂഡല്‍ഹി തള്ളിക്കളഞ്ഞു.
ചൈനീസ് പ്രതിരോധ മന്ത്രാലയ വക്താവ് അരുണാചല്‍ പ്രദേശിന്മേല്‍ അസംബന്ധ അവകാശവാദങ്ങള്‍ ഉന്നയിച്ച് നടത്തിയ ഏറ്റവും പുതിയ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതായും സംസ്ഥാനം അന്നും ഇന്നും എന്നും ഇന്ത്യയുെട അവിഭാജ്യഘടകമാണെന്നും വ്യക്തമാക്കി.