ന്യൂഡൽഹി: ജനപ്രിയ പദ്ധതികളൊന്നുമില്ലാതെ ബിഹാറിനും ആന്ധ്രാപ്രദേശിനും വാരിക്കോരി പദ്ധതികൾ പ്രഖ്യാപിച്ച് മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ്. ബിഹാറിൽ മെഡിക്കൽ കോളേജും എയർപോർട്ടുകളും പാലങ്ങളും നിർമിക്കും. ആന്ധ്ര തലസ്ഥാന വികസനത്തിന് 15,000 കോടി അനുവദിക്കും. മുദ്രാ ലോൺ 20 ലക്ഷമാക്കി. നാല് കോടി യുവാക്കൾക്ക് തൊഴിൽ നൽകും. ആദായ നികുതി സ്ലാബിലും നിരക്കിലും മാറ്റം വരുത്തി.മൊബൈലിനും സ്വർണത്തിനും വില കുറയും.
ബിഹാറും ആന്ധ്രാപ്രദേശും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി കൊടുത്തപ്പോള്‍ കേരളത്തിന് നിരാശയായിരുന്നു. സംസ്ഥാനത്തിനായി പ്രത്യേകിച്ചായി ബജറ്റില്‍ ഒന്നും മാറ്റിവച്ചിട്ടില്ല. പ്രളയ ദുരിതാശ്വാസ പദ്ധതികളിലും കേരളം ഇടംപിടിച്ചില്ല.അതിവേഗ ട്രെയിൻ ഉൾപ്പെടെ പദ്ധതികൾ കേരളത്തിനില്ല. സംസ്ഥാനത്തിന്‍റെ ദീര്‍ഘകാല സ്വപ്നമായ എയിംസ് ഇത്തവണ പ്രഖ്യാപിക്കുമെന്നായിരുന്നു ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ ബജറ്റ് പ്രഖ്യാപനത്തില്‍ അതുണ്ടായില്ല. കേരളത്തില്‍ നിന്നും രണ്ടു കേന്ദ്രമന്ത്രിമാരുണ്ടായിട്ടും സംസ്ഥാനത്തിന്‍റെ ഗുണകരമാകുന്ന എടുത്തുപറയാവുന്ന പദ്ധതികളൊന്നും ഉണ്ടായില്ല. കേരളത്തില്‍ എയിംസ് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ 10 വര്‍ഷമായി തുടരുകയാണെന്നാണ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. ചില ആവശ്യങ്ങള്‍ കേന്ദ്രത്തിനു മുന്നില്‍ വച്ചിട്ടുണ്ടെന്നും ബജറ്റ് വരട്ടെ എന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.