ന്യൂഡൽഹി: കേന്ദ്രബജറ്റിലെ അവഗണനയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം. എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ പരിഗണന വേണമെന്ന് എം.പിമാർ പാർലമെന്റിൽ ആവശ്യപ്പെട്ടു. ഒരുപാട് സംസ്ഥാനങ്ങൾക്ക് ബജറ്റിൽ നീതി കിട്ടിയില്ലെന്നും നീതി ലഭിക്കുന്നതു വരെ പോരാട്ടം തുടരുമെന്നും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ ബജറ്റിലും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും പേരുകൾ പ്രതിപാദിക്കാൻ സാധിക്കില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് നിർമല സീതാരാമന്റെ മറുപടി. വടവനയിൽ തുറമുഖം സ്ഥാപിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. എന്നാൽ മഹാരാഷ്ട്രയുടെ പേര് ബജറ്റിൽ പരാമർശിച്ചതേയില്ല. മഹാരാഷ്ട്രയെ അവഗണിച്ചുവെന്നാണോ അതിനർഥം? ബജറ്റിൽ പ്രത്യേക സംസ്ഥാനങ്ങളുടെ പേര് പരാമർശിച്ചിട്ടുണ്ട് എന്നതിനാൽ എല്ലാ സഹായങ്ങളും ആ സംസ്ഥാനങ്ങൾക്ക് മാത്രമാണ് എന്നാണോ അർഥം? തീർത്തും അടിസ്ഥാന രഹിതമായ ആരോപണമാണിത്.-നിർമല സീതാരാമൻ വിമർശിച്ചു.
രണ്ട് സംസ്ഥാനങ്ങൾക്ക് വേണ്ടി മാത്രമാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് ജെബി മേത്തർ എം.പി ആരോപിച്ചു. ക്രെച്ചസിൽ നടക്കുന്ന സർക്കാരിനെ താങ്ങിനിർത്തുന്നത് ബിഹാറും ആന്ധ്രപ്രദേശുമാണ്. എന്നാൽ അവർക്കു മാത്രം സർവതും വാരിക്കോരി കൊടുത്തത് ഭരണഘടനക്ക് വിരുദ്ധമാണ്. അതിനാലാണ് ഇൻഡ്യ സഖ്യം പ്രതിഷേധിക്കുന്നത്.-ജെബി മേത്തർ പറഞ്ഞു.
സാധാരണക്കാർക്കും കർഷകർക്കും തൊഴിലാളികൾക്കും വൻ പ്രഹരമാണ് കസേര സംരക്ഷിക്കാൻ ലക്ഷ്യമിട്ട ബജറ്റെന്ന് കോൺഗ്രസ് നേതാവ് മണിക്കം ടാഗോർ പറഞ്ഞു. തീർത്തും വിവേചനപരമായ ബജറ്റാണിത്. നമുക്കെല്ലാവർക്കും അറിയാം കസേര സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ബജറ്റാണിതെന്ന്.-മണിക്കം ടാഗോർ പറഞ്ഞു. ബജറ്റിനെതിരായ പ്രതിഷേധത്തോടനുബന്ധിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കർഷക സംഘടനകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.