കൊല്ലം അഞ്ചലില്‍ ഐ.എന്‍.ടി.യു.സി നേതാവ് രാമഭദ്രനെ വെട്ടിക്കൊന്ന കേസില്‍ സി.പി.എം ജില്ലാ കമ്മിറ്റിയംഗം ബാബു പണിക്കര്‍ അടക്കം പതിനാല് പേര്‍ കുറ്റക്കാര്‍. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗവുമായ എസ്. ജയമോഹന്‍ അടക്കം നാല് പ്രതികളെ വെറുതേ വിട്ടു. തിരുവനന്തപുരം സി.ബി.ഐ കോടതിയുടേതാണ് വിധി.
2010 ഏപ്രില്‍ പത്തിന് രാത്രിയാണ് രാമഭദ്രന്‍ കൊല്ലപ്പെടുന്നത്. വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യയുടെയും മക്കളുടെയും കണ്‍മുന്നിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. സി.പി.എം പ്രവര്‍ത്തകരായ 21 പേരായിരുന്നു പ്രതികള്‍. രണ്ട് പേര്‍ മാപ്പുസാക്ഷിയായപ്പോള്‍ ഒരാള്‍ വിചാരണക്കിടെ മരിച്ചു. ജയമോഹനെ കൂടാതെ റിയാസ്, മാര്‍ക്സണ്‍, റോയിക്കുട്ടി എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കുള്ള ശിക്ഷ 30ന് വിധിക്കും.