കൊച്ചി: അങ്കോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചിൽ പത്താംനാളിലേക്ക് കടക്കുന്നതിനിടെ കർണാടകത്തിലെ രക്ഷാപ്രവർത്തനത്തെക്കുറിച്ച് മര്യാദകെട്ട പ്രചരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കേരളത്തിൽ ഉരുൾപൊട്ടലുണ്ടായ എത്രയോ സ്ഥലങ്ങളിൽ ഇനിയും ആളുകളെ കിട്ടാനുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിൽ ഏറ്റവുമൊടുവിൽ 2018-ലുണ്ടായ കവളപ്പാറ ദുരന്തത്തിൽ ഇനിയും എത്ര പേരെ തിരിച്ചുകിട്ടാനുണ്ട്. അവിടെ പത്ത് ദിവസം കഴിഞ്ഞും ആളെ കിട്ടിയില്ലേ. അവിടെ അഗ്നിരക്ഷാസേനയ്ക്ക് പോലും എത്തിച്ചേരാൻ സാധിച്ചത് ഉച്ചയ്ക്ക് ശേഷമാണ്.
കർണാടകത്തിൽ 11 പേരെ കാണാതായി. എട്ട് പേരുടെ മൃതദേഹം ലഭിച്ചു. നേരത്തെ പറഞ്ഞ ലൊക്കേഷനിലൊന്നുമല്ല ലോറി ഉണ്ടായിരുന്നത്. എന്നിട്ട് ആ ലോറി അവർ കണ്ടുപിടിച്ചില്ലേ. മുഖ്യമന്ത്രിയോടും ഉപമുഖ്യമന്ത്രിയോടും സംസാരിച്ചിരുന്നു. കാർവാർ എം.എൽ.എ സ്ഥലത്തുനിന്ന് ഇതുവരെ മാറിയിട്ടില്ല.
കുറേ പേർ മണ്ണിനടയിൽ കുടുങ്ങി. അവരെ രക്ഷിക്കാൻ പോകുന്നവരേയും മണ്ണിനടിയിലാക്കണം എന്നാണോ. നെഗറ്റീവ് കാര്യങ്ങൾ പറഞ്ഞും വാർത്തകൾ നൽകിയും കർണാടകത്തിനെതിരായ വികാരം ഉണ്ടാക്കുന്നത് ശരിയല്ല. അർജുനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിന് ശേഷം ബാക്കി പറയാം.
വളരെ ശ്രമകരമായ രക്ഷാപ്രവർത്തനമാണ് പുരോഗമിക്കുന്നത്. അവർക്ക് എല്ലാ പിന്തുണയും നൽകാം. ആമയിഴഞ്ചാൻ തോട്ടിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവർക്ക് വേണ്ടിയും നാം പ്രാർഥിച്ചു. കുറേ മനുഷ്യർ ജീവൻ അപകടത്തിലാക്കി രക്ഷാപ്രവർത്തനവുമായി മുന്നോട്ട് പോകുകയാണ്. അവർക്ക് വേണ്ടി നമുക്ക് പ്രാർഥിക്കാമെന്നും അദ്ദേഹ സതീശൻ പറഞ്ഞു.