വാഷിങ്ടൺ: യുഎസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന കമലാ ഹാരിസിന് മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ പിന്തുണ. മികച്ച പ്രസിഡൻ്റ് ആകാൻ കമലയ്ക്ക് സാധിക്കുമെന്നും തങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും ഒബാമ പറഞ്ഞു. കമലയുടെ വിജയത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. “ഞാൻ നിങ്ങളിൽ അഭിമാനിക്കുന്നു. ഇത് ചരിത്രമാകും,” മുൻ പ്രഥമ വനിത മിഷേൽ ഒബാമ കമല ഹാരിസിനോട് പറഞ്ഞു. ഫോൺ സംഭാഷണത്തിലൂടെയായിരുന്നു ഇരുവരുടെയും ആശംസ. ഇതിന്‍റെ വീഡിയോ എക്സിൽ പങ്കുവെച്ചിട്ടുണ്ട്. സൗഹൃദത്തിനും അംഗീകാരത്തിനും കമല അവരോട് നന്ദിയും പറഞ്ഞു.
ബൈഡനു പകരം സ്ഥാനാര്‍ഥിയായി എത്തിയ കമലാ ഹാരിസിനെ ഡെമോക്രാറ്റിക് നേതാവും മുന്‍ പ്രസിഡന്റുമായ ബരാക് ഒബാമ പിന്തുണയ്ക്കുന്നില്ലെന്ന വാര്‍ത്തകൾ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഈ വീഡിയോ പുറത്തുവന്നത്. ട്രംപുമായി നടന്ന സംവാദത്തിൽ തിരിച്ചടി നേരിടുകയും ആരോഗ്യ പ്രശ്നങ്ങൾ ചർച്ചയാകുകയും ചെയ്തതോടെയാണ് ബൈഡൻ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിൻവാങ്ങിയത്. എക്‌സിലൂടെയാണ് ബൈഡൻ സ്ഥാനാർത്ഥിത്വത്തിൽ നിന്നുള്ള പിന്മാറ്റം ലോകത്തെ അറിയിച്ചത്.
രാജ്യത്തിന്റെയും ഡെമോക്രറ്റിക്ക് പാർട്ടിയുടെയും താല്പര്യം മുൻനിർത്തിയാണ് പിന്മാറ്റമെന്നാണ് ജോ ബൈഡൻ അറിയിച്ചിരുന്നത്. പ്രായവും അനാരോഗ്യവും കാരണം ബൈഡന്റെ സ്ഥാനാർത്ഥിത്വത്തിൽ വ്യാപക എതിർപ്പുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് വെറും നാല് മാസം മാത്രം ബാക്കി നിൽക്കെയായിരുന്നു ബൈഡന്റെ പിന്മാറ്റം.